കേരളം

kerala

തണലായിരുന്നു തങ്ങൾ ; ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ

By

Published : Mar 6, 2022, 2:17 PM IST

Updated : Mar 6, 2022, 7:08 PM IST

ദീര്‍ഘകാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു  മുസ്ലീം ലീഗ്‌ നേതാവ്‌  മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍  panakkad Haidarali Shihab thangal  Muslim league state president  Malappuram Latest news
പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു; ഇനിയില്ല ആ സ്‌നേഹത്തണല്‍

മലപ്പുറം/എറണാകുളം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ രാവിലെ ഒന്‍പതിന് പാണക്കാട്‌ ജുമാമസ്‌ജിദിലാണ് ഖബറടക്കം.

കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റായിരുന്നു. 12 വർഷമായി മുസ്ലീംലീഗ് കേരള സംസ്ഥാന അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്ലീം മഹല്ലുകളുടെ ഖാദി എന്ന സ്ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളജ്, നന്തി ദാറുസ്‌ലാം അറബിക് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദധ്യക്ഷനായും സേനവമനുഷ്‌ഠിച്ചിട്ടുണ്ട്.

തണലായിരുന്നു തങ്ങൾ ; ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ

പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായാണ് 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ജനനം. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്ന്‌ മുതല്‍ നാല്‌ വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യ (എം.എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേര്‍ന്നു. പത്ത്‌ വരെ അവിടെയായിരുന്നു പഠനം. എസ്എസ്എല്‍സിക്ക്‌ ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത്. തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലും പഠനം തുടര്‍ന്നു.

1975 ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്‍. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്‍റ് ഫെഡറേഷന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തനത്തിന്‍റെയും സംഘടനാ പ്രവര്‍ത്തനത്തിന്‍റെയും തുടക്കം ഇവിടെ നിന്നായിരുന്നു. 1973ല്‍ സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ പ്രഥമ സംസ്ഥാന പ്രസിഡന്‍റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.

1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി- മദ്രസ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് മത-രാഷ്ട്രീയ രംഗത്ത്‌ കൂടുതല്‍ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്‌ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 2009 ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

Also Read: കെഎസ്ആർടിസി ബസില്‍ ലൈംഗിക അതിക്രമം, കണ്ടക്‌ടർ പരിഗണിച്ചില്ല; അധ്യാപികയുടെ വെളിപ്പെടുത്തല്‍ ഫേസ്‌ബുക്കില്‍

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്‍റെ സംസ്ഥാന പ്രസിഡന്‍റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാദി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ് തുടങ്ങി ആത്മീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നേതൃ ചുമതലകള്‍ അദ്ദേഹം വഹിച്ചു.

കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.

Last Updated : Mar 6, 2022, 7:08 PM IST

ABOUT THE AUTHOR

...view details