സുപ്രീംകോടതി വിധി പിവി അൻവറിന് തിരിച്ചടിയാകുമെന്ന് പി സുരേന്ദ്രൻ - യൂത്ത് കോണ്‍ഗ്രസ് ലേറ്റസ്റ്റ് ന്യൂസ്
നിലമ്പൂരുകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പിഎ അൻവറിന്‍റെ വിജയം. നിയമസഭാ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും പിവി അൻവര്‍ എംഎല്‍എയെ നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലപ്പുറം: കക്കാടംപൊയില്‍ പരിസ്ഥിതി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യൂത്ത് വോയ്‌സ് സാംസ്കാരിക സദസ് എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ' പാർക്കിന് വേണ്ടിയല്ല, പ്രകൃതിയുടെ കൂട്ടിന് വേണ്ടി ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നിലമ്പൂർ ചന്തക്കുന്നില്‍ പരിപാടി നടത്തിയത്. പി.വി അൻവറിന്‍റെ പാർക്ക് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സാംസ്കാരിക സദസ് നടത്തിയത്. നിലമ്പൂരുകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പിഎ അൻവറിന്‍റെ വിജയമെന്നും മരട് ഫ്ലാറ്റ് കേസിലെ സുപ്രീംകോടതി വിധി അൻവറിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും പിവി അൻവര്‍ എംഎല്‍എയെ നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അജ്മൽ അധ്യക്ഷനായി.