പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു മലപ്പുറം : കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കരണത്തില്‍ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് മാപ്പർഹിക്കാത്ത തെറ്റെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത് അവതരിപ്പിച്ചവരുടെ മനസിൽ എന്തോ ഒന്ന് വക്രമായുണ്ട്. അല്ലെങ്കിൽ ഒരു വിഭാഗത്തിന്‍റെ വസ്‌ത്രധാരണ രീതി തീവ്രവാദ വിഭാഗത്തിന്‍റെ ചിഹ്നമായി അവതരിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്ന് കരുതുന്നില്ല. അവതരിപ്പിച്ചവരുടെ മനസിന്‍റെ വക്രത തന്നെയാണ് വെളിവായത്. അത് തിരിച്ചറിയാൻ പറ്റാഞ്ഞതും പ്രശ്‌നം തന്നെയാണ്. ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഉദ്‌ഘാടന വേദിയിൽ നടന്ന സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധത ആരോപിച്ച് വിവിധ സംഘടനകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കലോത്സവത്തിന്‍റെ ആദ്യദിവസം മുതൽ തന്നെ വലിയ രീതിയിൽ വിവാദങ്ങൾക്ക് ഇടയാവുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയത്.
സാധാരണ രീതിയിൽ ഇത്തരം പരിപാടിയിൽ കറുത്ത വസ്‌ത്രം അണിഞ്ഞ അഭിനേതാക്കളാണ് എത്താറുള്ളത്. എന്നാൽ മുസ്ലിം വേഷം അണിഞ്ഞ് എത്തിയത് ശരിയായില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സർക്കാറിന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ നടന്നത്.
അങ്ങനെ കാണിച്ചത് തെറ്റാണെന്ന്, ജാതിമതഭേദമില്ലാതെ എല്ലാവരും ഇപ്പോൾ പറയുന്നുണ്ട്. സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവും എല്ലാം പറയുന്ന ദൃശ്യാവിഷ്‌കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷം അവതരിപ്പിച്ചത് യാദൃശ്ചികമല്ലെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.