മലപ്പുറം:അര്‍ബുദ രോഗിയായ യുവതി ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പിനിരയായി. എടവണ്ണ ഒതായി സ്വദേശിനി സുബിതയാണ് തട്ടിപ്പിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നത്. 10000 രൂപ തട്ടിപ്പ് സംഘത്തില്‍ നിന്നും വായ്‌പയെടുത്ത സുബിത 1.40 ലക്ഷം രൂപയാണ് ഭീഷണിഭയന്ന് തിരിച്ചടച്ചത്.
ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്: പരാതിയുമായി എടവണ്ണ സ്വദേശിനിയായ അര്‍ബുദ രോഗി
10000 രൂപ തട്ടിപ്പ് സംഘത്തില്‍ നിന്നും വായ്‌പയെടുത്ത അര്‍ബുദ രോഗിയായ ഒതായി സ്വദേശിനി സുബിത 1.40 ലക്ഷം രൂപയാണ് ഭീഷണിഭയന്ന് തിരിച്ചടച്ചത്
ചികിത്സക്കായി നാട്ടുകാർ സ്വരൂപിച്ച പണവും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആഭരണങ്ങൾ പണയം വെച്ച തുകയും ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു തിരിച്ചടവ്. അര്‍ബുദ ചികിത്സ തുടരുമ്പോഴാണ് ഇവര്‍ ഓൺലൈൻ ആപ്പ് വഴി 10,000 രൂപ വായ്‌പ എടുത്തത്. സംഭവത്തില്‍ ഇവര്‍ എടവണ്ണ പൊലീസ് സ്റ്റേഷനിലും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഫോണിലുള്ള മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘത്തിന് ലഭിച്ചതായി സുബിത പറയുന്നു. താന്‍ തട്ടിപ്പുകാരിയാണെന്ന രീതിയിൽ ചിത്രം സഹിതം കോൺടാക്‌ട് ലിസ്റ്റിലേക്ക് സംഘം മെസേജുകൾ അയക്കുകയാണ്. സംഘത്തിന്‍റെ ഭീഷണി ഭയന്ന് ഫോണും ഫോൺ നമ്പറും മാറ്റേണ്ടി വന്നു.
നാല് ഓൺലൈൻ ആപ്പുകള്‍ വഴിയാണ് പതിനായിരം രൂപ വായ്‌പ എടുത്ത്. ഒരു ആപ്പിൽ നിന്ന് 4000 രൂപ വായ്‌പ എടുത്താൽ 2800 രൂപ മാത്രമാണ് കയ്യിൽ കിട്ടുക. ഏഴുദിവസത്തിനുള്ളിൽ 4000 രൂപ തിരിച്ചടക്കണം. ഇങ്ങനെ തിരിച്ചടക്കാൻ പറ്റാതെ വന്നതോടെയാണ് സംഘം ഭീഷണി തുടങ്ങിയത്. നട്ടെല്ലിലും ശ്വാസകോശത്തിലും കാൻസർ ബാധിച്ച സുബിത വാടകവീട്ടിലാണ് താമസം. ഭർത്താവ് പ്രജീഷ് പെയിൻറിങ് ജോലി ചെയ്‌താണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്.