മലപ്പുറം :അധികൃതര്‍ കയ്യൊഴിഞ്ഞ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയില്‍ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പഠനകേന്ദ്രത്തില്‍ കാടിന്‍റെ മക്കള്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങി. ഉത്ഘാടനം സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു.
പഠനകേന്ദ്രം അലങ്കരിച്ചും മിഠായി വിതരണം ചെയ്തും ബലൂണുകള്‍ കെട്ടിയും ആഹ്ളാദ തിമര്‍പ്പോടെയാണ് കോളനിയിലെ കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കിയത്. സ്‌കൂള്‍ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ച് നാടെങ്ങും ഡിജിറ്റല്‍ പ്രവേശനോത്സവം നടന്നപ്പോള്‍ പഠനത്തിന് വഴികാണാതെ ദുരിതത്തിലായിരുന്നു മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍.
പുസ്തകങ്ങളും അരിയും കോളനിയിലെത്തിച്ചതല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി ഒരു സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നില്ല. ഇവരുടെ ദുരിതമറിഞ്ഞ് കോളനിയിലെത്തിയ ആര്യാടന്‍ ഷൗക്കത്ത് ഡിജിറ്റല്‍ ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളോടെ കോളനിയില്‍ മുളകൊണ്ട് കെട്ടി ഷീറ്റ് മേഞ്ഞ പഠനകേന്ദ്രം ഒരുക്കി കുട്ടികള്‍ക്കായി തുറന്നുനല്‍കുകയായിരുന്നു.