മലപ്പുറം: അതിരുവിടാതെ അത്തമിട്ട് മലപ്പുറം ജില്ലയിലെ ഓണാഘോഷങ്ങള്‍. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പൂവ് എത്തിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അത്ത പൂക്കളത്തിന് ഇത്തവണ മാറ്റ് കുറഞ്ഞു. എന്നാല്‍ കുട്ടികള്‍ വീടുകളില്‍ പൂക്കളം ഒരുക്കുന്നുണ്ട്. അന്യനാട്ടിലെ പൂക്കളെ സര്‍ക്കാര്‍ കൈവിട്ടതോടെ ഇത്തവണ നാട്ടിലെ പൂക്കളാണ് കളത്തിലെ താരങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്ത് ഇത്തവണ കടുത്ത നിയന്ത്രണങ്ങളാണ് ഓണാഘോഷത്തിനുള്ളത്.
അതിരുവിടാതെ അത്തമിട്ട് മലപ്പുറം - മലപ്പുറം
കുട്ടികള്‍ ഇത്തവണയും വീടുകളില്‍ അത്തപ്പൂക്കളം ഒരുക്കുന്നുണ്ട്. അന്യനാട്ടിലെ പൂക്കളെ സര്‍ക്കാര്‍ കൈവിട്ടതോടെ ഇത്തവണ നാട്ടിലെ പൂക്കളാണ് കളത്തിലെ താരങ്ങള്‍
നാടുകാണി ചുരത്തില്‍ നിയന്ത്രണം വന്നത് ജില്ലയില്‍ ഓണവിപണിയെ കാര്യമായി ബാധിച്ചേക്കും. നിയന്ത്രണങ്ങളോട് കൂടി മാത്രമാണ് ചുരത്തില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുന്നത്. ഓണ നാളുകളില്‍ സജീവമാകാറുള്ള പഴം പച്ചക്കറി മാര്‍ക്കറ്റുകളും ഇത്തവണ ഉണര്‍ന്നിട്ടില്ല. കണ്ടെയ്‌മെന്‍റ് സോണുകളില്‍ അകപ്പെട്ട പല മാര്‍ക്കറ്റുകളും അടഞ്ഞ് കിടക്കുകയാണ്. വഴിയോര കച്ചവടത്തിനും നിയന്ത്രണങ്ങളുണ്ട്. അത്തത്തോടെ സജീവമാകാറുള്ള വസ്ത്ര വിപണിയും ഇത്തവണ നിയന്ത്രണങ്ങളില്‍പെട്ടു. പെരുന്നാള്‍ വിപണി നഷ്ടമായ ജില്ലയിലെ വസ്ത്ര വ്യാപാരികള്‍ക്ക് ഓണവും കൈവിട്ടു പോകുമെന്ന് ആശങ്കയാണുള്ളത്. എന്നാല്‍ തിരുവോണം അടുക്കുന്നതൊടെ കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളി കോടിയുടുപ്പ് തേടി എത്തുമെന്നും വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.
ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഓണാഘോഷ പരിപാടികളും ഇത്തവണയില്ല. പോയ വര്‍ഷങ്ങളില്‍ ഓണം ആഘോഷമാക്കിയിരുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തവണ അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ കുട്ടികള്‍ വീടുകളില്‍ പൂക്കളം ഒരുക്കി ആഘോഷം സജീവമാക്കി. കുട്ടികളും മുതിര്‍ന്നവരും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ജില്ലാ പൊലീസിന്‍റെ തീരുമാനം.