കേരളം

kerala

ETV Bharat / state

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു - അഡ്വ വിവി പ്രകാശ്

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Ad VV Prakash passed away  Nilambur UDF candidate VV Prakash passes away  അഡ്വ വിവി പ്രകാശ്
നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു

By

Published : Apr 29, 2021, 6:00 AM IST

Updated : Apr 29, 2021, 11:33 AM IST

മലപ്പുറം: കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വിവി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിനെതിരെ മത്സരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം ബാക്കിയിരിക്കെയാണ് അന്ത്യം.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് ജനനം. തുടർന്ന് എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. മമ്പാട് എം.ഇ.എസ് കോളജിലും മഞ്ചേരി എൻ.എസ്.എസിലുമായിരുന്നു കോളജ് വിദ്യഭ്യാസം.കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയതിന് ശേഷം കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ വി.വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.പിന്നീട് കെ.സി.വേണുഗോപാല്‍ പ്രസിഡന്‍റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി.കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്‍റായ കെ.പി.സി.സി കമ്മിറ്റികളില്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വി.വി പ്രകാശ് നാലു വര്‍ഷം മുമ്പാണ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്‍റായി നിയമിതനായത്.

സംഘടന പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം,ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അദ്ദേഹത്തിന്‍റെ മൃതദേഹം ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫിസിൽ പൊതുദർശനത്തിന് വച്ച ശേഷം എടക്കരയിലെ വസതിയിൽ കൊണ്ടുപോകും. സംസ്ക്കാരം വൈകുംന്നേരം 3ന് എടക്കരയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ സ്മിത,മക്കള്‍ വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ), നിള ( നാലാം ക്ലാസ് ).

വിവിധ കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു
Last Updated : Apr 29, 2021, 11:33 AM IST

ABOUT THE AUTHOR

...view details