മലപ്പുറം:നിലമ്പൂരില്‍ വച്ച് ഒറ്റമൂലി വൈദ്യനായ ഷാബാ ശെരീഫിനെ (60) കൊലപ്പെടുത്തിയത് കൊടിയ പീഡനങ്ങള്‍ക്ക് ഒടുവിലെന്ന് അന്വേഷണ സംഘം. കേസില്‍ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സരീതി തട്ടിയെടുക്കാനും ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കാനുമായിരുന്നു പ്രതികളുടെ നീക്കം.
തികഞ്ഞ ആസൂത്രണത്തോടെ നടപ്പിലാക്കിയ കുറ്റകൃത്യം കണ്ടെത്താന്‍ കര്‍ണാടക പൊലീസ് ഇതുവരെ കഴിഞ്ഞില്ല. നേരത്തെ തന്നെ ശെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കാണിച്ച അനാസ്ഥ ഇരയുടെ ജീവനെടുക്കുകയായിരുന്നു.
ഏപ്രില്‍ 24ന് വൈകുന്നേരം മുക്കട്ടയിലെ പ്രവാസി വ്യവസായിയുടെ വീടു കയറി കവർച്ച നടത്തിയ കേസിലെ പ്രധാനപ്രതി നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഏപ്രില്‍ 29ന് ഈ സംഭവത്തിൽ ഉൾപ്പട്ട അഞ്ച് പ്രതികൾ സെക്രട്ടേറിയറ്റിനു മുമ്പില്‍ നൗഷാദിന്‍റെ നേതൃത്വത്തിൽ പരാതിക്കാരനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ തിരുവനന്തപുരം കൻറോൺമെന്‍റ് പൊലീസ് അഞ്ചു പേരെയും കസ്റ്റഡിയിൽ എടുത്ത് നിലമ്പൂർ പൊലീസിന് കൈമാറി.
Also Read: ഷാബാ ഷെരീഫ് ഒരിക്കല്‍ രക്ഷപ്പെട്ടു: നിര്‍ണായക വെളിപ്പെടുത്തലുമായി നാട്ടുകാര്‍
ഈ സമയം നൗഷാദ് നിലമ്പൂരിലെ പരാതിക്കാരനായ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിനെതിരെ കൊലപാതകമുൾപ്പെടെയുള്ള ഗുരുതര ആരോപണമുന്നയിച്ച് ദൃശ്യങ്ങൾ ഉൾപ്പട്ട ഒരു പെൻഡ്രൈവ് ഹാജരാക്കി. ഇത് പൊലീസ് വിശദമായി പരിശോധിച്ചു. ഇതോടെ പൊലീസ് നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇതില്‍ നിന്നും 2020 ഒക്ടോബറില്‍ നിലമ്പൂരിലെ മുക്കട്ടയിലുള്ള ഷൈബിന്‍റെ വീട്ടിൽ വച്ച് മൈസൂർ സ്വദേശിയും പാരമ്പര്യ ചികിത്സവൈദ്യനെ കൊലപ്പെടുത്തിയതായി കണ്ടെത്തി.
ഇയാളെ ഒന്നേക്കാൽ വർഷത്തോളം അന്യായ തടങ്കലിൽ വച്ച് മർദിച്ചിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തി. കൊലക്ക് ശേഷം മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി. ശേഷം ആഢംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലേക്ക് എറിഞ്ഞെന്നും പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ പൊലീസ് കൊലപാതകത്തിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു.
നാളുകള്‍ നീണ്ട ആസൂത്രണം: മൂലക്കുരു ചികിത്സകനായിരുന്നു ശെരീഫ്. മൂലക്കുരു ചികിത്സയ്ക്കായി ഒറ്റമൂലിയാണ് ഇയാള്‍ കൊടുത്തിരുന്നത്. ഒറ്റമൂലിയെ കുറിച്ച് മനസിലാക്കി കേരളത്തിൽ മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാൻ വേണ്ടിയാണ് ഇയാളെ പ്രതികള്‍ തട്ടിക്കൊണ്ടു വന്നത്.
മൈസൂരിലെ ലോഡ്ജിൽ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേനയാണ് പ്രതികള്‍ ശെരീഫിനെ വിളിച്ചത്. ഷൈബിന്‍റെ നിർദേശ പ്രകാരം ഷാബാ ശെരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുവന്നു. പിന്നീട് വഴിയിൽ കാത്തു നിന്ന ഷൈബിന്‍റെയും കൂട്ടാളികളുടെയും കാറിൽ കയറ്റി നിലമ്പൂരിലെ ഷൈബിന്‍റെ വീട്ടിൽ എത്തിച്ചു.
എന്നാൽ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാൻ തയ്യാറാകാതെ വന്നതോടെ ഇയാളെ ഷൈബിന്‍റെ വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു. ഒന്നേക്കാൽ വർഷം ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ പീഡിപ്പിച്ചു. 2020 ഒക്ടോബർ മാസത്തിൽ ഷൈബിന്‍റ നേതൃത്വത്തിൽ മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിച്ചു. ഇതിനിടെ ഷാബാ ശെരീഫ് കൊല്ലപ്പെട്ടു.
Also Read: ഷാബാ ശെരീഫിന്‍റെ മൃതദേഹം ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കഷണങ്ങളാക്കി പുഴയില്‍ ഒഴിക്കി; പെൻഡ്രൈവിലെ ദൃശ്യങ്ങള്‍ നടുക്കുന്നത്
ഇതോടെ ഷൈബിൻ തന്‍റെ മാനേജരായ വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മില്ലിൽ നിന്നും മരക്കട്ട സംഘടിപ്പിച്ചു. ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയും വാങ്ങി. മൃതദേഹം മുറിക്കുന്നതിനായിരുന്നു ഇത്. തുടര്‍ന്ന് മൃതദേഹം ബാത്റൂമിൽ വെച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി.
വെട്ടി നുറുക്കിയ മൃതദേഹം സംസ്കരിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഇതിനായി സംഘം മൂന്ന് കാറുകളാണ് ഉപയോഗിച്ചത്. മൃതദേഹം കയറ്റിയ ആഡംബരകാറിൽ ഷൈബിനും ഡ്രൈവർ നിഷാദും കയറി. ഇതിന് മുമ്പിലായി മറ്റൊരു ആഡംബരകാറിൽ ഷിഹാബുദ്ദീനും, മറ്റൊരു കാറിൽ ഷൈബിന്‍റെ സഹായി നൗഷാദും അകമ്പടിയായി പോയി. മൃതദേഹം പുലർച്ചെ പുഴയിലേക്ക് തള്ളുകയായിരുന്നു. തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവു നശിപ്പിച്ചു.
പരാതി നല്‍കിയിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്: ഷാബാ ശെരീഫിനെ കാണാതായ കാര്യത്തിന് ബന്ധുക്കൾ മൈസൂർ സരസ്വതീപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയും ചെയ്തിരുന്നു. നാളിതുവരെ അന്വേഷിച്ച് കണ്ടെത്താതിൽ കുടുംബം കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.