മലപ്പുറം:കുപ്രസിദ്ധ മോഷ്‌ടാവ് നിലമ്പൂരിൽ പിടിയിൽ. കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷിനെ നിലമ്പൂരിൽവച്ചാണ് പിടികൂടിയത്. മുപ്പത് മോഷണ കേസുകളില്‍ പ്രതിയായ സുരേഷ്, കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ജയിലിലായിരുന്നു. രണ്ടാഴ്‌ച മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്.
കുപ്രസിദ്ധ മോഷ്‌ടാവ് നിലമ്പൂരിൽ പിടിയിൽ; പ്രതിയായത് മുപ്പത് കേസുകളില്‍ - malappuram todays news
കോട്ടയം സ്വദേശിയായ സുരേഷിനെ മലപ്പുറം നിലമ്പൂരിൽവച്ചാണ് പിടികൂടിയത്. പ്രതിയെ രാമപുരം പൊലീസിന് കൈമാറി

കോട്ടയം രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സി.സി.ടി.വി ക്യാമറകണ്ട് ഇയാള്‍ പിന്തിരിയുകയുണ്ടായി. ഈ സമയം വീട്ടുകാർ കുടുംബസമേതം അമേരിക്കയിലായിരുന്നു.
ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വർഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂർ, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ, നിലമ്പൂർ ബസ് സ്റ്റാൻഡിൽവച്ചാണ് പിടികൂടിയത്. നിലമ്പൂർ ഡാൻസാഫ് (District Anti Narcotics Special Action Force) സ്ക്വാഡ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് രാമപുരം പൊലീസിന് കൈമാറി.