മലപ്പുറം: പ്രളയ മേഖലകളിൽ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ നൂതന രീതിയിലുള്ള ബോട്ട് നിർമിച്ച് നിലമ്പൂർ ഫയർ ഫോഴ്‌സ്. പ്ലാസ്‌റ്റിക്ക് വീപ്പ, ഇരുമ്പ് പൈപ്പുകൾ, ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ബോട്ട് നിർമിച്ചത്. അഞ്ച് ദിവസം കൊണ്ട് നിർമാണം പൂർത്തീകരിച്ച പുതിയ ബോട്ട് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചാലിയാർ പുഴയിലെ ടാണ കടവിൽ നീറ്റിലിറക്കി. സ്‌റ്റേഷനിലെ 25 എച്ച്.പി ഔട്ട് ബോർഡ് എൻജിന്റെ സഹായത്തോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്.
അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ബോട്ട് നിർമ്മിച്ച് നിലമ്പൂർ ഫയർ ഫോഴ്‌സ്
പ്രളയ മേഖലകളിൽ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ അസംസ്കൃത വസ്തുക്കൾ കൊണ്ട് നൂതന രീതിയിലുള്ള ബോട്ട് നിർമിച്ച് നിലമ്പൂർ ഫയർ ഫോഴ്‌സ്.
സ്‌റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ സമിതി കോഡിനേറ്റർ ഉമറലി ശിഹാബ്, മസൂദ് മപ്രം, മനാഫ് വാഴയൂർ എന്നിവരും ഫയർ ഫോഴ്‌സ് ജീവനക്കാരും സിവിൽ ഡിഫെൻസ് വളണ്ടിയർമാരും ചേർന്നാണ് ബോട്ട് നിർമ്മിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് വിവിധ പ്രദേശങ്ങൾ തുരുത്തുകളായി മാറിയതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ആവശ്യമായ ബോട്ടുകളുടെ കുറവും പ്രതിസന്ധിയുടെ ആഴം കൂട്ടി. പ്രാദേശികമായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ചെലവ് കുറഞ്ഞ രീതിയിൽ പുതിയ ബോട്ട് നിർമാണത്തെക്കുറിച്ചു ചിന്തിച്ചതെന്ന് നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പറഞ്ഞു.
അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് ഇരുപതിനായിരം രൂപയോളമാണ് ചെലവായത്. നാല് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള പത്തു പേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടിൽ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാനാവും എന്നതും ആറുപേർക്ക് എടുത്തുകൊണ്ടുപോകാനാകും എന്നതുമാണ് സവിശേഷത. പ്രാദേശികമായി തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ സന്നദ്ധസംഘടനകളും ഇത്തരം ചെലവുകുറഞ്ഞ ബോട്ടുകൾ നിർമിക്കാനായാൽ പ്രളയ മേഖലകളിൽ ഫലപ്രദമായി രക്ഷാപ്രവർത്തനം സാധ്യമാക്കാനാവും.