കേരളം

kerala

ETV Bharat / state

നിലമ്പൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥി പിവി അൻവർ തന്നെ - കോൺഗ്രസ്

പി.വി.അൻവർ ആഫ്രിക്കയിൽ ബിസിനസ് ആവശ്യത്തിന് പോയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് നിലമ്പൂരിൽ പി.വി.അൻവർ തന്നെ സ്ഥാനാർഥി എന്ന സി.പി.എം തീരുമാനം പുറത്തു വന്നിരിക്കുന്നത്. കോൺഗ്രസിൽ ആര്യാടൻ ഷൗക്കത്ത്, വി.വി.പ്രകാശ് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥികളുടേതായി ഉയർന്ന് കേൾക്കുന്നത്

പിവി അൻവർ  എൽഡിഎഫ്‌ സ്ഥാനാർഥി  nilambur constituency  LDF  UDF  ആര്യാടൻ ഷൗക്കത്ത്  കോൺഗ്രസ്  വി.വി.പ്രകാശ്
നിലമ്പൂരിൽ പിവി അൻവർ തന്നെ എൽഡിഎഫ്‌ സ്ഥാനാർഥി

By

Published : Mar 2, 2021, 9:25 PM IST

മലപ്പുറം: പി.വി.അൻവർ തന്നെ നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണനും തവനൂരിൽ മന്ത്രി. കെ.ടി.ജലീലും മത്സരിക്കും. പി.വി.അൻവർ ആഫ്രിക്കയിൽ ബിസിനസ് ആവശ്യത്തിന് പോയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് നിലമ്പൂരിൽ പി.വി.അൻവർ തന്നെ സ്ഥാനാർഥി എന്ന സി.പി.എം തീരുമാനം പുറത്തു വന്നിരിക്കുന്നത്. 1987 മുതൽ 29 വർഷം തുടർച്ചയായി മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കൈവശം വെച്ച നിലമ്പൂർ സീറ്റാണ് അട്ടിമറി ജയത്തിലൂടെ എൽ.ഡി.എഫ് സ്വതന്ത്രനായ പി.വി.അൻവർ കഴിഞ്ഞ തവണ പിടിച്ചെടുത്തത്.

ആര്യാടൻ മുഹമ്മദിന് പകരം മകൻ ആര്യാടൻ ഷൗക്കത്ത് മത്സര രംഗത്തെത്തിയ തെരഞ്ഞെടുപ്പായിരുന്നു 2016ലേത്. ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മറികടന്നാണ് കോൺഗ്രസ് കോട്ട അന്ന് അൻവർ പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പി.വി.അൻവർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. കോൺഗ്രസിലും മുസ്ലീം ലീഗിലും അൻവറിനെ പിന്തുണക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട്. കഴിഞ്ഞ തവണ അൻവർ സ്ഥാനാർഥിയായപ്പോൾ സി.പി.എമ്മിൽ ഒരു വിഭാഗം കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ ഇന്ന് സി.പി.എം ഒറ്റക്കെട്ടായി അൻവറിനൊപ്പമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സി.പി.എം തിരുമാനം.

കോൺഗ്രസിൽ നിന്നും സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി.പ്രസിഡന്‍റ് വി.വി.പ്രകാശ് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥികളുടേതായി ഉയർന്ന് കേൾക്കുന്നത്. ആര്യാടൻ ഷൗക്കത്തിന് സീറ്റ് ലഭിച്ചാൽ 2016 ലെ പോരാട്ടത്തിന്‍റെ ആവർത്തനമാവും ഇക്കുറിയും. എന്തായാലും പി.വി.അൻവർ തന്നെ എന്ന സൂചന വന്നതോടെ എൽ.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് സ്ഥാനാർഥി നിർണയം നടത്താൻ യു.ഡി.എഫും ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ മാസം രണ്ടു തവണ രാഹുൽ ഗാന്ധിയെ മണ്ഡലത്തിൽ എത്തിക്കാൻ കഴിഞ്ഞത് യു.ഡി.എഫ് പ്രവർത്തകരിലും നേതാക്കളിലും ആവേശം ഉയർത്തിയിട്ടുണ്ട്. ഇക്കുറി വോട്ട് ചോർച്ചക്ക് സാധ്യത കുറവാണെന്നതും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും വിലയിരുത്തുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്‌.

ABOUT THE AUTHOR

...view details