മലപ്പുറം:തിരൂരിൽ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ കന്മനം ചെനക്കലിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിലായിരുന്നു. കല്‍പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരൂരിൽ നായ കടിച്ച് കീറിയ നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ് പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് നാട്ടുകാരാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മേഖലയില്‍ നേരത്തെ തെരുവ് നായക്കളുടെ ശല്യം രൂക്ഷമായിരുന്നു. തിങ്കളാഴ്‌ച രാവിലെ പറമ്പില്‍ നിന്ന് കാക്കകള്‍ നിര്‍ത്താതെ ശബ്‌ദം വച്ചതിനെ തുടർന്ന് അടുത്തുള്ള വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് വീട്ടുകാര്‍ വിവരം പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതാണെന്നാണ് സംശയം. താനൂര്‍ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്‍റെ മേല്‍നോട്ടത്തില്‍ കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. അതേസമയം പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം.