മലപ്പുറം:പാണ്ടിക്കാടാണ് നെഞ്ച് നുറുക്കുന്ന കൊലപാതകം അരങ്ങേറിയത്. വെറും ആറ് മാസം മാത്രം പ്രായമുള്ള ഹാജാ മറിയം എന്ന കൈക്കുഞ്ഞാണ് കൊല്ലപ്പെട്ടത്(New Born Death Is Not An Accident It Is A Planned Murder).
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിന് പുലര്‍ച്ചെ 5 45 നാണ് കേസിനാസ്‌പദമായ ക്രൂരത നടന്നത്. പാണ്ടിക്കാട് സുല്‍ത്താന്‍ റോഡിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ ആറ് മാസം പ്രായമുള്ള ഹാജാമറിയം എന്ന് കുഞ്ഞ് വീണ് മരിച്ചുവെന്നാണ് ആദ്യം നാട്ടുകാരും പിന്നീട് പൊലീസും അറിഞ്ഞത്.
അസ്വാഭിക മരണത്തിന് കേസെടുത്ത് പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ വച്ച് അപകടമല്ല നടന്നത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. പാണ്ടിക്കാട് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഇക്കാര്യം പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പാണ്ടിക്കാട് തമ്പനങ്ങാടി സുൽത്താൻ റോഡില്‍ മേലാറ്റൂർ ചന്തപ്പടി കളത്തുംപടിയൻ ഷിഹാബുദീന്‍റെ ഭാര്യ അരിപ്രതൊടി സുമിയ്യ എന്ന 23 വയസുകാരിയെ കസ്‌റ്റഡിയിലെടുത്ത് തലങ്ങും വിലങ്ങും ചോദ്യം ചെയ്‌തപ്പോഴാണ് ദുരൂഹതയുടെ പുകമറ മാറി സത്യം പുറത്ത് വന്നത്.
കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സുമയ്യ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് സുമയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.