മലപ്പുറം: മങ്കടയിൽ മാനസിക വൈകല്യമുള്ള യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ അയൽവാസികളായ രണ്ട് പേർ അറസ്റ്റിൽ. ആസിഫ് റഹ്മാൻ, മുഹമ്മദ് എന്നിവരാണ് മങ്കട പള്ളിപ്പുറം സ്വദേശിയായ മുഹമ്മദ് റഷീദിനെ(38) മർദിച്ച കേസിൽ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു ആറ് പേർ ചേർന്ന് റഷീദിനെ മർദിച്ചത്.
ആയുധങ്ങൾ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മുഹമ്മദ് റഷീദും മാതാവും മാത്രമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാനസിക വിഭ്രാന്തിയിൽ മുഹമ്മദ് റഷീദ് അയൽവാസികളുടെ വീടിന് നേരെ കല്ലെറിഞ്ഞതാണ് അക്രമത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഷീദ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.