നിലമ്പൂര്‍: സ്‌കൂള്‍ അധ്യയനവര്‍ഷത്തിന് തുടക്കംകുറിച്ച് നാടെങ്ങും ഡിജിറ്റല്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ പഠനത്തിന് വഴികാണാതെ ദുരിതത്തിലായ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ കുട്ടികള്‍ക്ക് പഠനസൗകര്യം വാഗ്ദാനം ചെയ്ത് സംസ്‌ക്കാര സാഹിതി. ഇന്നലെ കൂട്ടുകാരെല്ലാം പ്രവേശനോത്സവത്തില്‍ പങ്കെടുക്കുമ്പോഴും ചാലിയാര്‍ പുഴക്കക്കരെ മുണ്ടേരിയിലെ ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍ പഠനത്തിന് വഴിയില്ലാതെ കണ്ണീരിലായിരുന്നു. പുസ്തകങ്ങളും അരിയും കോളിനിയിലെത്തിച്ചതല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി ഒരു സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നില്ല.
സഹായ വാഗ്‌ദാനവുമായി സംസ്‌ക്കാര സാഹിതി
കഴിഞ്ഞ തവണ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കോളനിയില്‍ മുളകൊണ്ട് പഠന കേന്ദ്രം കെട്ടിയുണ്ടാക്കിയിരുന്നു. ഇത് മഴയത്ത് മരംവീണ് തകര്‍ന്നതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. ഈ കേന്ദ്രത്തില്‍ സംസ്‌ക്കാര സാഹിതി നല്‍കിയ ഡിജിറ്റല്‍ ടി.വിയിലൂടെയായിരുന്നു കോളനിയിലെ കുട്ടികള്‍ പഠിച്ചിരുന്നത്. കുട്ടികളുടെ ദുരിതമറിഞ്ഞ് ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ സംസ്‌ക്കാര സാഹിതി പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയോടെ കോളനിയിലെത്തി പഠനസൗകര്യം ഒരുക്കാമെന്നറിയിച്ചു. കുട്ടികള്‍ക്ക് ബലൂണും മിഠായിയും നല്‍കിയതോടെ അവരും പ്രവേശനോത്സവത്തിന്‍റെ സന്തോഷത്തിലായി.