മലപ്പുറം :മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയില്‍ (Nava Kerala Sadas at Malappuram). രാവിലെ തിരൂര്‍ ബിയാന്‍കോ കാസിലില്‍ നടന്ന പ്രഭാത സദസോടെ പരിപാടികള്‍ക്ക് തുടക്കമായി. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയേക്കാവുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കുന്നത്.
മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്‌തിട്ടുള്ളത്. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാത സദസിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ച ചെയ്യും.
സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ : നവകേരള സദസിലെ ലീഗ് സാന്നിധ്യം ചർച്ചയാകുന്നതിനിടെ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ നവകേരള സദസിൽ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്‍റായ സി മൊയ്തീനും പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്‍റെ അനന്തര ഫലമാണ് യാത്രയിൽ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവകേരള സദസില്‍ പങ്കെടുത്തവരോട് പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.
കാമ്പസുകളിലെ ആഘോഷങ്ങളില്‍ സുരക്ഷ വേണം: മുഖ്യമന്ത്രി :കാമ്പസുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ കുസാറ്റ് ക്യാമ്പസിലെ അപകടത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ താമരശ്ശേരി അല്‍ഫോന്‍സ സ്‌കൂളില്‍ പോയതായും അദ്ദേഹം പറഞ്ഞു.