മലപ്പുറം:കാഴ്‌ച പരിമിതിയെ മറികടന്ന ബഹുമുഖ പ്രതിഭയായ ഫാത്തിമ അൻഷിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ ശ്രേഷ്‌ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരമാണ് അൻഷിക്ക് ലഭിച്ചത്. വെള്ളിയാഴ്‌ച (നവംബർ 18) വൈകിട്ട് 6.30 ഓടെയാണ് അധികൃതർ അൻഷിയെ വിവരം അറിയിച്ചത്.
ഫാത്തിമ അൻഷിയുടെ പ്രതികരണം ജന്മനാ നൂറ് ശതമാനം കാഴ്‌ച പരിമിതിയുള്ള ഈ മിടുക്കി മൂന്ന് വയസ് മുതൽ സംഗീതത്തിലും ഉപകരണ സംഗീതത്തിലും താത്‌പര്യം കാണിച്ച് തുടങ്ങി. രണ്ടാം ക്ലാസ് മുതൽ കലോത്സവങ്ങളിൽ വിജയിയായിട്ടുണ്ട്. നിരവധി വേദികളിലും മത്സരങ്ങളിലും അൻഷി കഴിവ് പ്രകടിപ്പിച്ച് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
2015 മുതൽ തുടർച്ചയായ ആറ് വർഷങ്ങളിൽ സ്പെഷൽ സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും ഒന്നാമതാണ്. 2018, 2019 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ മികച്ച വിജയം കൈവരിച്ചു. പന്ത്, അറ്റ് വൺസ് എന്നീ സിനിമകളിൽ പിന്നണി പാടാൻ അവസരമുണ്ടായി.
ദർശന ടിവി കുട്ടിക്കുപ്പായം ഷോയിലെ സെമി ഫൈനലിസ്റ്റും കൈരളി ടിവി കുട്ടിപ്പട്ടുറുമാൽ ഷോയിലെ ഫൈനലിസ്റ്റുമാണ് അൻഷി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി പ്രോജക്‌ട് വിഷൻ എന്ന അന്താരാഷ്ട്ര സംഘടനയുടെ കേരളത്തിലെ അംബാസഡറാണ്. പന്ത്രണ്ടോളം വിദേശ ഭാഷകൾ പഠിച്ച് വരുന്നു.
നിരവധി പാട്ടുകൾക്ക് സ്വന്തമായി സംഗീതം ചെയ്‌തിട്ടുണ്ട്. കൂടാതെ ഒഎം കരുവാരക്കുണ്ടിന്‍റെ വരികൾക്ക് സംഗീതം നൽകി കുട്ടിപ്പട്ടുറുമാൽ ഷോയിൽ പാടി. യേശുദാസ്, ചിത്ര ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ പ്രഥമ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് കൂടിയാണ്.
2019ലെ കൈരളിയുടെ ഇശൽ ലൈലാ അവാർഡ് ദുബായിയിൽ വെച്ച് മെഗാസ്റ്റാർ മമ്മുട്ടിയുടെ കൈയിൽ നിന്ന് വാങ്ങാൻ അവസരമുണ്ടായി. എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിന്‍റെ സഹായത്തിൽ സ്വയം എഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പ്ലസ് വൺ പരീക്ഷക്കും എ പ്ലസ് നേടി. മേലാറ്റൂർ ആർ എം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഫാത്തിമ അൻഷി. വെസ്റ്റ് എടപ്പറ്റയിലെ അബ്‌ദുൽബാരി-ഷംല ദമ്പതികളുടെ മകളാണ്.