മലപ്പുറം:കോട്ടക്കലില്‍ ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ്. ഇന്ന് രാവിലെ എടരിക്കോട് - പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. പരിശോധനക്കിടെയാണ് ബസ് ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന കാര്യം വ്യക്തമായത്.
സ്‌കൂള്‍ ബസോടിച്ചത് ലൈസന്‍സില്ലാതെ; ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് എംവിഡി
മലപ്പുറം ഇരിങ്ങല്ലൂര്‍ എഎല്‍പി സ്‌കുളിന്‍റെ ഉടമസ്ഥതയിലുള്ള ബസ് ഡ്രൈവര്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി
ഇരിങ്ങല്ലൂര്‍ എഎല്‍പി സ്‌കുളിന്‍റെ ഉടമസ്ഥതയിലുള്ള ബസാണിത്. ഡ്രൈവറെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ട ശേഷം അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വിജീഷ് വാലേരിയാണ് ബസെടുത്ത് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചത്. ഇതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ വച്ച് വാഹനം ഓടിച്ചതിന് സ്‌കൂള്‍ ബസിന്‍റെ ആര്‍സി ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംവിഐ കെഎം അസൈനാര്‍, എഎംവിഐമാരായ സുനില്‍ രാജ്, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.