മലപ്പുറം:മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അണുനശീകരണ യജ്ഞത്തിന് തുടക്കമായി. കൊവിഡ് -19 സമൂഹ വ്യാപനത്തിന്‍റെ അപകടകരമായ ഘട്ടത്തിലേക്ക് പ്രവേശിച്ച സാഹചര്യം പരിഗണിച്ചാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ദുരന്ത നിവാരണ സമിതിയുടെ ആഭിമുഖ്യത്തിൽ "നാടും വീടും സുരക്ഷിതം" എന്ന ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചത്. ജൂലായ് 21മുതൽ 28 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്.
മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ അണുനശീകരണ യജ്ഞത്തിന് തുടക്കം - Syed Sadiqali Shihab Thangal
പാണക്കാട്ടെ സ്വവസതി അണുനശീകരണം നടത്തി സാദിഖലി ശിഹാബ് തങ്ങൾ "വീടും നാടും സുരക്ഷിതം " എന്ന ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രവർത്തകർ അവരുടെ സ്വന്തം വീടും അയൽപക്കത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വാഹനങ്ങൾ, തുടങ്ങിയവയും അണു നശീകരണത്തിന് വിധേയമാക്കും. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ ഉപദേശ-നിർദേശപ്രകാരമാണ് ഫോഗിംഗും അണുനാശിനി സ്പ്രേയും നടത്തുക. പാണക്കാട്ടെ സ്വവസതി അണുനശീകരണം നടത്തി സാദിഖലി ശിഹാബ് തങ്ങൾ അണു നശീകരണ യജ്ഞത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക അകലം പാലിക്കുവാനും മാസ്ക് ധരിക്കുവാനും കൂടിച്ചേരലുകൾ ഒഴിവാക്കി പരമാവധി സൂക്ഷ്മത പുലർത്തുവാനും വളരെ അത്യാവശ്യങ്ങൾക്ക് മാത്രമായി യാത്രകളും വീട്ടിൽ നിന്ന് പുറത്തേക്കുള്ള സഞ്ചാരങ്ങളും ചുരുക്കുവാനുമുള്ള ബോധവൽക്കരണം, അണു നശീകരണ പ്രവർത്തനങ്ങൾ, കൂട്ടംചേർന്നുള്ള എല്ലാ സംഘടനാ പരിപാടികളും ഉപേക്ഷിക്കൽ തുടങ്ങിയവയാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.