മലപ്പുറം: കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച രണ്ടു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവിൽ പോയ പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ (22), തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ് (19) എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്‌തത്.
കവർച്ചക്കിടെ കൊലപാതക ശ്രമം; പ്രതികൾ അറസ്റ്റിൽ - മലപ്പുറം കുറ്റകൃത്യ വാർത്തകൾ
നിലമ്പൂരിൽ പുതുതായി തുടങ്ങിയ മൊബൈൽ ഷോപ്പിൽ കവർച്ച നടത്തുന്നതിനിടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്
നവംബർ 19ന് രാത്രി 10.30 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിലമ്പൂരിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിന്‍റെ ജോലിക്കായി വന്നതായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ സ്വദേശികളായ മിഥുന്‍, സാദിഖ്, സനൂപ് എന്നിവര്‍. കവർച്ച നടത്തണമെന്ന ഉദ്ദേശത്തോടെ സനൂപാണ് സക്കീറിനെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നത്. രാത്രി മിഥുൻ മാത്രം മുറിയിലുള്ളപ്പോഴാണ് പ്രതികൾ കവർച്ചാ ശ്രമം നടത്തിയത്. തടയാൻ ശ്രമിച്ച മിഥുന്‍റെ തുടയിൽ നാലോളം കുത്തുകളേറ്റിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ പൂക്കോട്ടുംപാടം തൊണ്ടി സ്വദേശിയായ ചെമ്മല സബീലിന്‍റെ നെഞ്ചിനും സക്കീർ കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നും 50,000 രൂപ വിലവരുന്ന മൂന്നു മൊബൈൽ ഫോണുകളും പ്രതികൾ കവർന്നിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾ ആലപ്പുഴ ചേർത്തലയിൽ താമസിച്ചു വരികയായിരുന്നു. ചേർത്തല പോലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സക്കീറിനെതിരെ ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളിലായി കവർച്ച, വധശ്രമം, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി പത്തോളം കേസുകൾ നിലവിലുണ്ട്. സനൂപിനെതിരെ ഡോക്‌ടറുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ആലുവ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.