മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കെ.എസ്.ആർ.ടി.സി (KSRTC) മലപ്പുറം ഡിപ്പോയിൽ നിന്ന് ആരംഭിച്ച ഉല്ലാസയാത്രകൾ സൂപ്പർ ഹിറ്റ്. മലപ്പുറം- മൂന്നാര്‍, മലപ്പുറം- മലക്കപ്പാറ യാത്രകളാണ് വലിയ ജനപ്രീതി നേടിയിരിക്കുന്നത്. 1000 രൂപയുടെ ടിക്കറ്റില്‍ മൂന്നാർ സർവീസ് മാത്രമായിരുന്നു ആദ്യം ആരംഭിച്ചിരുന്നത്. എന്നാൽ ഈ യാത്ര വിജയം കണ്ടതോടെ മലപ്പുറം- മലക്കപ്പാറ സർവീസും ആരംഭിക്കുകയിരുന്നു.
KSRTC: മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ ക്ലിക്ക്; വരുമാനത്തിലും റെക്കോഡിട്ട് മലപ്പുറം ഡിപ്പോ വലിയ ആവേശത്തോടെയാണ് ജില്ലക്ക് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾ ഉല്ലാസയാത്രകൾ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ഡിപ്പോയുടെ വരുമാനത്തിലും വലിയ മാറ്റമുണ്ടായി. മുന്‍മാസത്തെ അപേക്ഷിച്ച് 40 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് അധികമായി ഡിപ്പോയിൽ നിന്നും മാത്രം ലഭിച്ചത്.
നെടുമ്പാശ്ശേരി ലോ ഫ്ലോര്‍ ബസുകളും ലാഭത്തില്‍
റെക്കോഡ് കളക്ഷൻ വിഭാഗത്തിൽ കെ.എസ്.ആർ.ടി.സി.യുടെ നോർത്ത് സോണിൽ മലപ്പുറം ഡിപ്പോ ഒന്നാമതായി. ഉല്ലാസയാത്രക്ക് പുറമെ നെടുമ്പാശ്ശേരി ഉൾപ്പെടെയുള്ള ലോ ഫ്ലോർ ബസുകളും ലാഭത്തിലാണ്. കഴിഞ്ഞ മൂന്നു മാസമായി കൂടുതൽ യാത്രക്കാർ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കാന്‍ തുടങ്ങിയതും കളക്ഷന്‍ കൂടാന്‍ കാരണമായി.
Also Read:സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
ശനിയാഴ്ച ഒരു മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന മലപ്പുറം- മൂന്നാർ സർവീസിന് നവംബർ മാസം ബുക്കിംഗ് പൂർത്തിയായി. ടിക്കറ്റ് ലഭിക്കാത്തത് കല്ലുകടിയാകുന്നുണ്ടെങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് പരാതി പരിഹരിക്കാനുള്ള ശ്രമവും കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട്. സമാന രീതിയിൽ വയനാട്ടിലേക്കും ആലപ്പുഴയിലേക്കും പുതിയ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി.
മലപ്പുറം- മൂന്നാര്‍ യാത്രയിങ്ങനെ...
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര രാത്രിയിൽ മൂന്നാറിൽ എത്തും. ശേഷം കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സ്ലീപ്പർ ക്ലാസ് ബസിൽ ഉറക്കം. തുടർന്ന് ഞായറാഴ്ച മൂന്നാർ പൂർണമായി കണ്ടതിനു ശേഷം അന്ന് രാത്രി മടങ്ങുകയും ചെയ്യും. ഈ യാത്രക്ക് സൂപ്പർഫാസ്റ്റ് ബസിന് ആയിരം രൂപയും, ഡീലക്സ് ബസിന് 1200 രൂപയും, ലോഫ്ളോർ എ.സി ബസുകൾക്ക് 1500 രൂപയുമാണ് ഈടാക്കുന്നത്.
മലപ്പുറം-മലക്കപ്പാറ യാത്രയിങ്ങനെ...
മലക്കപ്പാറയിലേക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഞായറാഴ്ച രാവിലെ നാല് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്ക് യാത്ര പുറപ്പെടും. തുടർന്ന് രാവിലെ അവിടെയുള്ള കാഴ്ചകൾ കണ്ടതിന് ശേഷം രാത്രി തിരിച്ച് മലപ്പുറത്തേക്ക് മടങ്ങും.