മലപ്പുറം :മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ജുനൈദ് (24) തന്‍റെ ജീവിത സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമിട്ടത് റിമോട്ട് കൺട്രോള്‍ വിമാനങ്ങൾ നിർമിച്ചാണ് . സ്വന്തമായി പറക്കുകയാണ് ജുനൈദിന്‍റെ ജീവിത അഭിലാഷം. ജീവിത സാഹചര്യങ്ങൾ മൂലം പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന ജുനൈദ് ഈ ലക്ഷ്യത്തിലേക്ക് പടിപടിയായി അടുക്കുന്നതിന്‍റെ ഭാഗമായാണ് റിമോട്ട് കണ്‍ട്രോള്‍ വിമാനം നിര്‍മിച്ചത്.
പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിമാനം' എന്ന സിനിമയിലുള്ളത് പോലെ ഒരു വിമാനം നിർമിക്കാനാണ് ജുനൈദിന്‍റെ ശ്രമം . ലക്ഷ്യങ്ങള്‍ പൂവണിയാനുള്ള ജുനൈദിന്‍റെ പരിശ്രമങ്ങള്‍ക്ക് നാട്ടുകാരും സുഹൃത്തുക്കളും ഒപ്പമുണ്ട്. സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ തോറ്റെങ്കിലും ജീവിതത്തില്‍ തോൽക്കാൻ ജുനൈദ് തയ്യാറല്ല . അതിന്‍റെ നിദര്‍ശനമാണ് സ്വന്തമായി നിര്‍മിച്ച ഈ റിമോട്ട് കണ്‍ട്രോള്‍ വിമാനങ്ങൾ.
സ്വന്തമായി പറത്തുക ലക്ഷ്യം ; റിമോട്ട് കണ്‍ട്രോള്‍ വിമാനം നിര്‍മിച്ച് ജുനൈദ് ആരേയും അമ്പരപ്പിക്കുന്ന തരത്തിൽ വിവിധ ഡിഡൈനിലുള്ള നിരവധി വിമാനങ്ങളാണ് ഈ അടുത്ത കാലത്തായി ജുനൈദ് നിർമിച്ചത്. യൂട്യൂബ് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിൽ ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള വിമാനങ്ങൾ ഉണ്ടാക്കി തുടങ്ങിയത് എന്ന് ജുനൈദ് പറയുന്നു. തെര്‍മ്മോകോള്‍, സൺ പാക്കറ്റ് ഷീറ്റ് ,റിമോട്ട്, ബാറ്ററി, മോട്ടോർ എന്നിവ ഉപയോഗിച്ചാണ് വിമാനങ്ങളുടെ നിർമാണം.
ALSO READ:'ആദിവാസി മേഖലയിൽ ലഹരി ഉപയോഗം തടയും' ; യുവത്വത്തെ കായിക മേഖലയിലേക്ക് കൊണ്ടുവരുമെന്ന് കെ.രാധാകൃഷ്‌ണൻ
നിലവിൽ 20 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. അവസാനം നിർമിച്ച വിമാനത്തിന്‍റെ പേരാണ് കേരളീയർ. അതിമനോഹരമായ രീതിയിലാണ് ഓരോ വിമാനവും ഡിസൈൻ ചെയ്തിരിക്കുന്നത് . ഏകദേശം 500 മീറ്ററിന് മുകളിൽ പറക്കാന്‍ ഈ വിമാനങ്ങൾക്ക് ശേഷിയുണ്ടെന്ന് ജുനൈദ് പറയുന്നു. ജുനൈദിന് ഈ റിമോട്ട് വിമാനങ്ങൾ പറത്തുന്നത് മനോഹരമായ രീതിയിലാണ്. വിമാനം പറക്കുന്നതും ലാൻഡിങ് ചെയ്യുന്നതുമെല്ലാം കൃത്യതയോടെയാണ്.
പാടങ്ങളും മൈതാനങ്ങളുമാണ് ജുനൈദിന്‍റെ വിമാനങ്ങളുടെ റണ്‍വെ. ജുനൈദ് പറയുന്നത് ഒരു വിമാനം പറത്തുന്ന പൈലറ്റിന്‍റെ അതെ പ്രതീതി തനിക്ക് ഈ റിമോട്ട് കണ്‍ട്രോള്‍ വിമാനം പറത്തുമ്പോള്‍ ലഭിക്കുമെന്നാണ്. കെ.ആർ.പി.ഫ്ലയിങ് ക്ലബ്ബില്‍ അംഗവുമാണ് ജുനൈദ്. ഈ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നടത്തിയ റിമോട്ട് കണ്‍ട്രോള്‍ വിമാനങ്ങൾ പറത്തുന്നതിന്‍റെ നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് ജുനൈദ്.
ആദ്യഘട്ടത്തില്‍ താന്‍ നിര്‍മിച്ച പല വിമാനങ്ങളും പരീക്ഷണ പറക്കലില്‍ തകര്‍ന്നിട്ടുണ്ടെന്നും അതിനുശേഷമാണ് ഇത്തരത്തിൽ മനോഹരമായ വിമാനങ്ങൾ നിര്‍മിക്കാനുള്ള വൈദഗ്‌ധ്യം താന്‍നേടിയതെന്നും ജുനൈദ് പറഞ്ഞു. തന്‍റെ ലക്ഷ്യം പൂവണിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.