മലപ്പുറം:ഉൾവനങ്ങളിലധിവസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കാശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട. ആദിവാസി വിഭാഗങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സർക്കാർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈൽ റേഷൻ കട. ആദ്യ ഘട്ടമെന്ന നിലയിൽ നിലമ്പൂർ താലൂക്കിലെ അമ്പുമല, ഉച്ചക്കുളം, നെടുങ്കയം, മുണ്ടക്കടവ് ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയാറ് കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നിലമ്പൂർ പ്രദേശങ്ങളിൽ തുടർച്ചയായുള്ള പ്രളയം മൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത് ഉൾവനത്തിൽ താമസിക്കുന്ന ആദിവാസികളാണ്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ കിണറ്റിങ്ങൽ, വാരിക്കൽ, കൽക്കുളം, കക്കാടംപൊയിൽ എന്നി എ.ആർ.ഡികളിൽ നിന്ന് റേഷൻ വാങ്ങുന്നത്.
കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ് ആദിവാസി ഊരിലെ കുടുംബങ്ങൾ കഴിഞ്ഞ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടതിനാൽ വട്ടിക്കല്ല്, കാഞ്ഞിരക്കടവ്, പുലിമുണ്ട എന്നിവിടങ്ങളിലായാണ് നിലവിൽ താമസം. ഈ വർഷത്തെ കാലവർഷക്കെടുതിയിൽ മുണ്ടക്കടവിലേക്കുള്ള റോഡ് പുഴയെടുത്തു പോയതിനാൽ കാഞ്ഞിരക്കടവ്, പുലിമുണ്ട ഊരിലുള്ളവർക്ക് റേഷൻ ലഭിക്കണമെങ്കിൽ മൂത്തേടം ഗ്രാമ പഞ്ചായത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് കരുളായി വാരിക്കല്ലിലുള്ള റേഷൻ കടയിലെത്തേണ്ട അവസ്ഥയാണുള്ളത്. ഇതിനായി ആയിരത്തഞ്ഞൂറ് രൂപ വരെ സ്വയം ചെലവഴിച്ചാണ് ടാക്സി മുഖേന റേഷൻ ഊരിലെത്തിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യവും കൊവിഡ് ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീതി മൂലം ആദിവാസി കുടുംബങ്ങൾക്ക് സമയബന്ധിതമായി റേഷൻ വാങ്ങാൻ കഴിയത്ത അവസ്ഥയാണുള്ളത്.