മലപ്പുറം: തിരൂരങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മലപ്പുറം ജില്ലാ കലക്‌ടര്‍ - ഇറച്ചി വില്‍പന
രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം 4000ഓളം പക്ഷികളെ മറ്റന്നാള്‍ മുതല്‍ കൊന്ന് തുടങ്ങും
![പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മലപ്പുറം ജില്ലാ കലക്‌ടര്‍ bird flue malappuram collectorate meeting മലപ്പുറം ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് പൗള്‍ട്രി ഫാം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6380982-thumbnail-3x2-kk.jpg)
പരപ്പനങ്ങാടിയിലെ പതിനാറാം വാര്‍ഡിലാണ് പക്ഷി പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചത്ത ഏഴ് കോഴികളുടെ സാമ്പിളുകൾ പാലക്കാട്ടെ ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം 4000ഓളം പക്ഷികളെ മറ്റന്നാള്‍ മുതല്‍ കൊന്ന് തുടങ്ങും.
പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൗള്‍ട്രി ഫാമുകള്‍ അടച്ചിടും. ഇറച്ചിയുടെയും മുട്ടയുടെയും വില്‍പന നിരോധിക്കാനും യോഗത്തില്‍ തീരുമാനമായി. നിയന്ത്രണമുള്ള പ്രദേശത്ത് നിന്നും ആരെങ്കിലും പക്ഷികളെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകൾ തുറന്നു. പക്ഷി സങ്കേതമുള്ള കടലുണ്ടിയിലും വള്ളിക്കുന്നിലും എത്തുന്ന ദേശാടന പക്ഷികളെ തടയുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് എടുത്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.