മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജിൽ ഏഴ് വയസുക്കാരന്‍റെ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദ് - ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഡോക്ടറെ അറിയിച്ചതിനെ തുടർന്ന് മൂക്കിലും ഓപ്പറേഷന്‍ ചെയുകയായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് രോഗിയെ മാറാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകന്‍ ആറ് വയസുകാരന്‍ ധനുഷിനാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെ രണ്ട് പേരെയും ഒരുമിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഡാനിഷിന് മൂക്കിലെ ദശ മാറ്റാനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ നടത്തേണ്ടത്.