കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലക്ക് സഹായവുമായി സ്ഥാപനങ്ങളും സംഘടനകളും - covid situation in malappuram

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ജില്ലക്ക് സഹായമായി 1.13 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങൾ ജില്ലാ കലക്ടർ കൈപ്പറ്റി

മലപ്പുറം  Malppuram district collector received medical equipment  covid situation in malappuram  ISRO
മലപ്പുറം ജില്ലക്ക് കൈത്താങ്ങായി ഐ.എസ്.ആര്‍.ഒ അടക്കമുള്ള സ്ഥാപനങ്ങളും സംഘടനകളും

By

Published : Nov 11, 2020, 1:03 PM IST

Updated : Nov 11, 2020, 2:37 PM IST

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി വിവിധ സ്ഥാപനങ്ങളും സംഘടനകളും രംഗത്ത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍, അജ്‌ഫാന്‍ ഗ്രൂപ്പ്, കെ.എം.സി.സി എന്നിവരാണ് ജില്ലാ ഭരണകൂടത്തിന് സഹായം കൈമാറിയത്.

കൊവിഡ് രോഗികള്‍ക്കുള്ള വെന്‍റിലേറ്ററുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ഐ.സി.യു ബെഡുകള്‍ ഉള്‍പ്പടെ 1.13 കോടി രൂപയുടെ ഉപകരണങ്ങളാണ് കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങിയത്.

മലപ്പുറം ജില്ലക്ക് സഹായവുമായി സ്ഥാപനങ്ങളും സംഘടനകളും

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ ചെലവില്‍ 10 വെന്‍റി ലേറ്ററുകളാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കരിപ്പൂര്‍ വിമാനപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദി സൂചകമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള വിഹിതം ജില്ലാ ഭരണകൂടത്തിനായി മാറ്റിവെച്ചത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് 24.75 ലക്ഷം രൂപയുടെ 2,300 പള്‍സ് ഓക്‌സി മീറ്ററുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. പ്രമുഖ വ്യാപാര സ്ഥാപനമായ അജ്‌ഫാന്‍ ഗ്രൂപ്പ് ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ്‌കുട്ടി 11 ലക്ഷം രൂപയുടെ 30 ഐ.സി.യു ബെഡുകളും കെ.എം.സി.സി അബുദബി ഘടകം പ്രസിഡന്‍റ് ഷുക്കൂറലി കല്ലിങ്ങല്‍ രണ്ട് ലക്ഷം രൂപ വില വരുന്ന ആറ് ഐ.സി.യു ബെഡുകളുമാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. കലക്ടറേറ്റില്‍ ലഭിച്ച ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി, പൊന്നാനി, മലപ്പുറം, കുറ്റിപ്പുറം, വേങ്ങര താലൂക്ക് ആശുപത്രികള്‍ തുടങ്ങിയ ആശുപത്രികൾക്ക് ഐ.സി.യു ബെഡുകള്‍ നല്‍കി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് ആശുപത്രികളിലേക്ക് വെന്‍റിലേറ്ററുകളും കൈമാറി. കലക്ടറേറ്റില്‍ ലഭിച്ച മറ്റ് ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആവശ്യക്കാരിലെത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Last Updated : Nov 11, 2020, 2:37 PM IST

ABOUT THE AUTHOR

...view details