ഭിന്നശേഷി വിഭാഗത്തിൽ മെഡിക്കൽ പ്രവേശനം; ഉപഹാരവുമായി പൂർവ വിദ്യാർത്ഥികൾ - പി.അശ്വതി
പ്രത്യേക പരിഗണന വിഭാഗത്തിൽ പതിനേഴാം റാങ്കുണ്ടായിട്ടും വലതു കൈകാലുകൾക്ക് ശേഷിക്കുറവുള്ള പി.അശ്വതിക്ക് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ പഠനത്തിന് പ്രവേശനം ലഭിച്ചത്.
![ഭിന്നശേഷി വിഭാഗത്തിൽ മെഡിക്കൽ പ്രവേശനം; ഉപഹാരവുമായി പൂർവ വിദ്യാർത്ഥികൾ medical admission in disability category ഭിന്നശേഷി വിഭാഗത്തിൽ മെഡിക്കൽ പ്രവേശനം പി.അശ്വതി മഞ്ചേരി മെഡിക്കൽ കോളജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10019988-thumbnail-3x2-asw.jpg)
മലപ്പുറം: ഭിന്നശേഷി വിഭാഗത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ മെഡിസിൻ പ്രവേശനം നേടിയ പി.അശ്വതിക്ക് ഉപഹാരങ്ങളുമായി കരുവാക്കുണ്ട് ഗവ. സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘം. കക്കറയിലെ പള്ളിക്കുത്തിൽ മുരളീധരന്‍റെ മകളാണ് അശ്വതി. കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അലുമ്‌നി അസോസിയേഷൻ ഭാരവാഹികൾ മെഡിസിൻ പഠനത്തിനുള്ള പുസ്‌കങ്ങളും ക്യാഷ് അവാർഡും അശ്വതിയുടെ വീട്ടിലെത്തി കൈമാറി.
പ്രത്യേക പരിഗണന വിഭാഗത്തിൽ പതിനേഴാം റാങ്കുണ്ടായിട്ടും വലതു കൈകാലുകൾക്ക് ശേഷിക്കുറവുള്ള ഈ പ്രതിഭക്ക് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ പഠനത്തിന് പ്രവേശനം ലഭിച്ചത്. സ്‌കൂളിലെ പൂർവ വിദ്യാർഥിയും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ന്യൂറോളജിസ്റ്റുമായ ഡോ.ഉമർ കാരാടനാണ് എണ്ണായിരം രൂപയുടെ പുസ്‌തകങ്ങൾ നൽകിയത്.ഇത് കഥാകൃത്ത് രാജൻ കരുവാരകുണ്ട് അശ്വതിക്ക് കൈമാറി.അലുമ്‌നി അസോസിയേഷന്‍റെ ഉപഹാരം പ്രസിഡന്‍റ് പി.എസ് മുഹമ്മദ് സാദിഖും ക്യാഷ് അവാർഡ് സെക്രട്ടറി എം.അബ്‌ദുൽ മജീദും നൽകി. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ.വിനോദ്, ആർ.ഖദീജ, പി.എം മൻസൂർ, നിസാർ അക്ഷയ, വി.എസ് മുഹമ്മദ് കബീർ എന്നിവർ സംബന്ധിച്ചു.