മലപ്പുറം: ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളില്‍ അടച്ചിരിക്കുന്ന ഒഴിവ് സമയം പലരും വ്യത്യസ്തമായ രീതിയിലാണ് ചെലവഴിക്കുന്നത്. ഡാൻസും പാട്ടും ടിക്ക് ടോക്കും പാചകവുമായി ഒഴിവ് സമയം ചെലവിടുകയാണ് മലയാളികൾ. എന്നാല്‍ പ്രതീക്ഷിക്കാതെ കിട്ടിയ ഈ ഒഴിവ് സമയം കൊവിഡ് പ്രതിരോധത്തിനായി വിനയോഗിച്ചിരിക്കുകയാണ് മലപ്പുറം ഊർങ്ങാട്ടിരി സ്വദേശിയായ എംബിബിഎസ് വിദ്യാർഥി നിമില്‍ സലാം. ഈ കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഉപകരണമായ വെന്‍റിലേറ്റർ നിമില്‍ സ്വന്തമായി വീട്ടിലിരുന്ന് നിർമിച്ചു. ലക്ഷങ്ങൾ വിലയുള്ള വെന്‍റിലേറ്ററാണ് വെറും 20000 രൂപയ്ക്ക് നിമില്‍ സ്വന്തമായി പരീക്ഷണം നടത്തി നിർമിച്ചത്.
പോർട്ടബിൾ വെന്‍റിലേറ്റർ നിർമിച്ച് എംബിബിഎസ് വിദ്യാർഥി - പോർട്ടബിൾ വെന്‍റിലേറ്റർ വീട്ടിലിരുന്ന് നിർമിച്ച് എംബിബിഎസ് വിദ്യാർഥി
മലപ്പുറം ഊർങ്ങാട്ടിരി സ്വദേശിയായ എംബിബിഎസ് വിദ്യാർഥി നിമിലാണ് പോർട്ടബിൾ വെന്‍റിലേറ്റർ വീട്ടിലിരുന്ന് നിർമിച്ചത്.
പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നിമിൽ സലാം. കാലിക്കറ്റ് എൻഐറ്റിയുടെയും കാലിക്കറ്റ് സർവകലാശാല ഫിസിക്സ് വിഭാഗത്തിന്‍റെയും സഹകരണത്തോടെയാണ് ഈ പോർട്ടബിൾ വെന്‍റിലേറ്റർ നിർമിച്ചത്. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ വെൻറിലേറ്റർ ആവശ്യമാണെന്ന് മനസിലാക്കിയാണ് വേറിട്ട പരീക്ഷണം നടത്തിയതെന്ന് നിമിൽ പറയുന്നു.
ആധുനിക സാങ്കേതിക വിദ്യയായ ഐഒടി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ഈ വെൻറിലേറ്ററിന്റെ നിർമാണം പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന് ആശയം കൈമാറാൻ തയാറാണ് എന്നും നിമിൽ പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ പരിശോധനക്ക് ശേഷം പോർട്ടബിൾ വെൻറിലേറ്റർ പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് നിമിലും കുടുംബവും. അധ്യാപകരായ ഷക്കീബ് - ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് നിമിൽ സലാം.