മലപ്പുറം : മലപ്പുറം പെരുമ്പടപ്പ് വന്നേരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ വധുവിന്‍റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. പെരുമ്പടപ്പ് വന്നേരി സ്വദേശി മുഹമ്മദലിക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ൻമെന്‍റ് സോണിൽ കല്യാണം നടത്തിയതായി കണ്ടെത്തിയത്.
സമീപ പഞ്ചായത്തുകളിൽ നിന്ന് ഉൾപ്പെടെ കണ്ടെയ്ൻമെന്‍റ് സോണ്‍ നിലനിൽക്കുന്ന പ്രദേശത്ത് 25 ആളുകളെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയത്. ഇതിനുവന്ന മുഴുവൻ ആളുകളെയും ആരോഗ്യ പ്രവർത്തകരെയും പൊലീസിന്‍റെ നേതൃത്വത്തിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം പെരുമ്പടപ്പിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ട് കബഡി കളിച്ച 9 പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഒരാൾക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഈ പ്രദേശത്ത് പൊലീസിന്‍റെ നേതൃത്വത്തിൽ കർശന പരിശോധനയും നിയന്ത്രണങ്ങളും തുടരുന്നുണ്ട്.