മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ വിലയിരുത്തി. ഡോക്ടർമാർ ഉൾപ്പെടെ തീയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നും അറിയിച്ചു.
ഏഴ് വയസുകാരന്‍റെ ശസ്ത്രക്രിയയില്‍ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് രക്ഷിതാക്കള്‍.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദ്- ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് മുഹമ്മദ് ഡാനിഷിന് പറഞ്ഞിരുന്നത്. തിയേറ്ററില്‍ കയറ്റിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ കണ്ടെത്തിയെന്നും ഉടനെ ശസ്ത്രക്രിയ നടത്തിയെന്നുമായിരുന്നു ഡോക്ടറുടെ വാദം. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വയറില്‍ ശസ്തക്രിയ ചെയ്യുന്നതിന് മുമ്പ് തങ്ങളോട് അനുമതി വാങ്ങിയില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ - കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകന്‍ ആറ് വയസുകാരന്‍ ധനുഷിനാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെ രണ്ട് പേരെയും ഒരുമിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.