മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ ഇടപെടൽ. ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു. കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. എഐവൈഎഫിന്‍റെയും യുഡിവൈഎഫിന്‍റെയും യുവജന സംഘടനകളുടെ നേത്രത്വത്തിലായിരുന്നു മാർച്ച്
മഞ്ചേരിയില്‍ ആളുമാറി ശസ്ത്രക്രിയ: കുട്ടിക്ക് സൗജന്യ ചികിത്സയെന്ന് മന്ത്രി ശൈലജ - ആരോഗ്യ വകുപ്പ്
ആളുമാറി ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി കെ കെ ശൈലജ.
കരുവാരക്കുണ്ട് സ്വദേശിയായ കുട്ടിക്ക് മൂക്കിലെ ദശ മാറ്റന്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്ന അതേ ദിവസം തന്നെ മണ്ണാര്‍ക്കാട് സ്വദേശിയായ മറ്റൊരു കുട്ടിക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. എന്നാൽ കരുവാരകുണ്ട് സ്വാദേശിയായ കുട്ടിയെ മൂക്കിലെ ദശയിൽ നടത്തേണ്ട ശസ്ത്രക്രിയക്ക് പകരം ഹെര്‍ണിയയുടെ ശസ്ത്രക്രിയക്കാണ് വിധേയമാക്കിയത്. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കൈയിലെ ടാഗിൽ എഴുതിയ പേരുകളിൽ സാമ്യം വന്നതാണ് ആളു മാറാൻ കാരണമായതെന്നാണ് സംശയം. ആരോപണ വിധേയനായ ഡോക്ടർ സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു. കുട്ടിക്ക് ഹെർണിയ കണ്ടെത്തിയപ്പോൾ ഉടനെ ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. മാതാപിതാക്കൾ ഇത് നിഷേധിച്ചിട്ടുണ്ട്. ഡിഎംഒ മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ അവശ്യപെട്ടിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.