മലപ്പുറം: മന്ത്രവാദ ചികിത്സ നടത്തി രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ചികിത്സ നടത്തിയ വ്യാജ സിദ്ധനെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്‌തു. പൊന്നാനി വട്ടംങ്കുളം കാലടിത്തറ സ്വദേശി മുല്ലൂസൻ വീട്ടിൽ അബ്‌ദുൾ കരീം എന്ന കരീം തങ്ങളെയാണ് പെരിന്തൽമണ്ണ എ.എസ്.പി രീഷ്‌മ രമേശൻ അറസ്റ്റ് ചെയ്‌തത്. മന്ത്രവാദത്തിലൂടെ മാനസിക പ്രശ്‌നങ്ങളും, മാറാരോഗങ്ങളും ചികിത്സിച്ച് മാറ്റിയെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളെ തട്ടിപ്പിനിരയാക്കുന്നത്.
മന്ത്രവാദ ചികിത്സ ; വ്യാജ സിദ്ധന്‍ അറസ്റ്റില്‍ - മലപ്പുറം ക്രൈം ലേറ്റസ്റ്റ് ന്യൂസ്
പൊന്നാനി വട്ടംങ്കുളം കാലടിത്തറ സ്വദേശി മുല്ലൂസൻ വീട്ടിൽ അബ്‌ദുൾ കരീം എന്ന കരീം തങ്ങളാണ് അറസ്റ്റിലായത്.
ഇത്തരത്തിൽ തുവ്വൂർ സ്വദേശിയായ പരാതിക്കാരന്‍റെ ഭാര്യയെ വീട്ടിൽ വെച്ച് മൂന്ന് ദിവസത്തോളം തുടർച്ചയായി മന്ത്രവാദ ചികിത്സ നടത്തി. ഭക്ഷണം പോലും നൽകാതെയുള്ള ചികിത്സ കാരണം ഇവര്‍ക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. പ്രതി മലപ്പുറം, പാലക്കാട് തൃശൂർ ജില്ലകളിലെ പല സ്ഥലങ്ങളിലും താമസിച്ചിരുന്നതായി അന്വഷണ സംഘം കണ്ടെത്തുകയുണ്ടായി. ഇവിടങ്ങളിലും പ്രതി ജനങ്ങളെ സമാന രീതിയില്‍ തട്ടിപ്പിനിരയാക്കിട്ടുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.