മലപ്പുറം:വളയിട്ട കൈകളില്‍ വളയം ഭദ്രമാണെന്നത് പറഞ്ഞും എഴുതിയും പഴകിയ വരികളാണ്. കാരണം ഓട്ടോറിക്ഷ മുതല്‍ ട്രെയിനും വിമാനവും വരെ വളയിട്ട കൈകളില്‍ ഭദ്രമായ നിരവധി കഥകൾ നാം കേട്ടുകഴിഞ്ഞു. ഇതും അങ്ങനെയൊരു കഥയാണ്. പക്ഷേ ഈ കഥയില്‍ അല്‍പ്പം കാര്യവും അതിനപ്പും ഗൗരവവുമുണ്ട്.
പെട്രോൾ ടാങ്കറിന്‍റെ ഡ്രൈവിങ് സീറ്റില്‍ ഡെലിഷ്യ, ഇത് അച്ഛന്‍റെ മകൾ ഇത് തൃശൂർ സ്വദേശി ഡെലിഷ്യ. വയസ് 23... കാറും ബസും ലോറിയുമൊക്കെ ഓടിക്കാൻ ലൈസൻസുള്ള നിരവധി വനിതകൾ കേരളത്തിലുണ്ട്. പക്ഷേ ടാങ്കർ ലോറികൾ ഓടിക്കുന്നതിനുള്ള ഫയർ ആൻഡ് സേഫ്‌റ്റി ലൈസൻസുള്ളത് (അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഹസാർഡസ് ലൈസൻസ്) ഡെലിഷ്യയ്ക്ക് മാത്രം. അതാണ് നമ്മുടെ കഥയിലെ കാര്യം.
40 വർഷമായി പെട്രോൾ ടാങ്കർ ഡ്രൈവറായ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി കണ്ടശ്ശാംകടവ് സ്വദേശി ഡേവിസിന്‍റെ മൂന്ന് പെൺമക്കളില്‍ രണ്ടാമത്തെ മകളാണ് ഡെലിഷ്യ. ചെറുപ്പം മുതല്‍ ഡ്രൈവിങ്ങിനോടുള്ള ആവേശമാണ് ഡെലിഷയെ ടാങ്കറിന്‍റെ വളയം പിടിക്കാൻ പ്രാപ്‌തയാക്കിയത്.
കുഞ്ഞായിരിക്കുമ്പോൾ തന്നെ ഡെലിഷ്യയെ തന്‍റെ യാത്രകളിൽ ഡേവിസ് ഒപ്പം കൂട്ടുമായിരുന്നു. അച്ഛൻ വളയം പിടിക്കുന്നത് കണ്ട് വളർന്ന മകളെ ആദ്യമായി ഡ്രൈവിങ് സീറ്റിലിരുത്തിയതും അച്ഛൻ തന്നെയാണ്. അതും എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. കാറോടിച്ചാണ് ഡെലിഷ്യ തുടങ്ങിയത് പിന്നെ വലിയ വണ്ടികൾ ഓടിക്കണമെന്ന ആഗ്രഹമായി. അങ്ങനെ ഇരുപതാമത്തെ വയസിൽ ഹെവി ലൈസൻസും പിന്നീട് ഹസാർഡസ് ലൈസൻസും സ്വന്തമാക്കി. എറണാകുളം ഇരുമ്പനത്ത് നിന്നും പെട്രോളുമായി മലപ്പുറം തിരൂരിലെ പെട്രോൾ പമ്പിലേക്കായിരിക്കും പലപ്പോഴും ഡെലിഷ്യയുടെ യാത്ര. ചിലപ്പോൾ കോഴിക്കോട് എലത്തൂരിലെ പെട്രോൾ ഡിപ്പോയിലേക്കും ട്രിപ്പുണ്ടാകും.
മൾട്ടി ആക്‌സിൽ വണ്ടികൾ ഓടിക്കണമെന്നാണ് ഡെലിഷ്യയുടെ ഇപ്പോഴത്തെ ആഗ്രഹം. വോൾവോ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കണമെങ്കിൽ ബെംഗലൂരുവിൽ നിന്നും പരിശീലനം നേടണം. അതിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് കൊവിഡ് പടർന്ന് പിടിച്ചത്. പെട്രോൾ ടാങ്കർ ഓടിക്കുകയാണെങ്കിലും ഇരുപത്തിരണ്ടുകാരിയായ ഡെലിഷ പഠനത്തിൽ ഒട്ടും പിന്നിലല്ല. തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്നും ബി.കോം പാസായ ഡെലിഷ്യ തൃശൂർ പി.ജി സെന്‍ററിൽ നിന്നുമാണ് എം.കോം പൂർത്തിയാക്കിയത്. എംകോമിന്‍റെ പരീക്ഷ ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാർ മേഖലയിൽ ഡ്രൈവറായി ജോലിക്ക് കയറുകയാണ് ഡെലിഷ്യയുടെ ആഗ്രഹം. അച്ഛന് വിശ്രമം അനുവദിച്ച് ഡെലിഷ്യയാണ് ഇപ്പോൾ മുഴുവൻ സമയവും ടാങ്കർ ഓടിക്കുന്നത്.