മലപ്പുറം :ഇന്ത്യൻ ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടം കൈവരിച്ച സന്തോഷത്തിലാണ് മലപ്പുറം ആതവനാട് സ്വദേശി മുഹ്‌സിൻ. 11 സംസ്ഥാനങ്ങളിൽ നിന്നെത്തിയ മികവുറ്റ റേസിങ് താരങ്ങളോട് മുട്ടി മികച്ച പ്രകടനം പുറത്തെടുത്താണ് ഈ 19കാരൻ രണ്ടാം സ്ഥാനം നേടിയത്.
സ്വന്തമായി ഒരു ബൈക്കുപോലുമില്ലെങ്കിലും തന്‍റെ പരിമിതികള്‍ മറികടന്ന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കന്‍. ഏതൊരു ആൺകുട്ടിയെയും പോലെ മുഹ്‌സിനും ചെറുപ്പം മുതൽക്കേ ഇരുചക്രവാഹനങ്ങളോട് കടുത്ത ആരാധനയാണ്.
ഇന്ത്യൻ ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി മുഹ്‌സിൻ ALSO READ:കൊവിഡ് 'തെരുവിലിറക്കി' ; താല്‍ക്കാലിക ഷെഡ്ഡില്‍ നെഞ്ചിടിപ്പോടെ ദിവസങ്ങളെണ്ണി വിജയനും ശ്യാമളയും
മോട്ടോ ജി.പി മത്സരങ്ങള്‍ കണ്ണിമ വെട്ടാതെ നോക്കിനിന്നിരുന്ന മുഹ്സിന്‍റെ സ്വപ്‌നമായിരുന്നു റേസിങ് മത്സരങ്ങളിൽ പങ്കെടുക്കുക എന്നത്. അതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്‌തു. തൽഫലമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ സമാപിച്ച റേസിങ് ചാമ്പ്യൻഷിപ്പിൽ എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനം നടത്താൻ മുഹ്‌സിന് സാധിച്ചു.
ട്രാക്കിലെ ഈ 19കാരന്‍റെ വേഗത കണ്ട് ഹോണ്ട മുഹ്‌സിന്‍റെ സ്‌പോൺസർ ആയി മാറുകയായിരുന്നു. സാമ്പത്തിക പരിമിതികൾക്കിടയിൽ ഹോണ്ട സ്പോൺസർ ചെയ്‌തതുകൊണ്ട് മാത്രമാണ് ഇത്തരത്തിൽ നേട്ടം കൈവരിക്കാനായതെന്ന് മുഹ്സിൻ പറയുന്നു.
തന്‍റെ എതിരാളികളെക്കാൾ വേഗതയിൽ ഫിനിഷ് ചെയ്ത് കൂടുതൽ നേട്ടങ്ങൾ കൊയ്യാനുള്ള ഒരുക്കത്തിലാണ് മലപ്പുറത്തിന്‍റെ സ്വന്തം റേസിങ് താരം. രാജ്യാന്തരതലത്തിലുള്ള നേട്ടങ്ങളും രാജ്യത്തേക്ക് കൊണ്ടുവരണമെന്നത് തന്‍റെ വലിയ സ്വപ്‌നമാണെന്നും മുഹ്‌സിൻ പറയുന്നു.