മലപ്പുറം :യാത്ര ഹരമാക്കിയ രണ്ട് സുഹൃത്തുക്കൾ, ഇന്ത്യയടക്കം പത്ത് രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുകയാണ്. അതും കാർ മാർഗം. മലപ്പുറത്തുനിന്ന് സിംഗപ്പൂരിലേക്ക് ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അക്കുവും അജിത്തും.
'മലപ്പുറം ടു സിംഗപ്പൂർ' എന്ന് പേരിട്ടിരിക്കുന്ന പര്യടനത്തിന് ഒരു വർഷത്തോളം യാത്ര വേണ്ടിവരും. എന്നാൽ അതും ഈ മച്ചാന്മാർക്ക് ഒരു ചലഞ്ചാണ്.
'മലപ്പുറം ടു സിംഗപ്പൂർ': കാറില്‍ ഉലകം ചുറ്റും വാലിബന്മാർ! നാടുകാണാൻ രണ്ട് സുഹൃത്തുക്കൾ
സൗദിയിൽ ജോലി ചെയ്യുന്ന അജിത്തും യുഎഇയിൽ ജോലി ചെയ്യുന്ന അക്കുവും മുമ്പും ഒരുപാട് യാത്രകൾ ചെയ്‌തിട്ടുണ്ട്. ഇരുവരും യാത്രകളിലൂടെ തന്നെയാണ് സൗഹൃദത്തിലാകുന്നതും. അതോടെ തുടർയാത്രകൾ ഒന്നിച്ചായി.
ഇതിനകം ഏഴുതവണയാണ് ഇരുവരും ഇന്ത്യ ചുറ്റിയെത്തിയത്. മറ്റ് രാജ്യങ്ങളിലേക്കുള്ള വിസ നടപടികളായിരുന്നു മുന്നിലുള്ള ഏക പ്രതിസന്ധി. പക്ഷേ ആഗ്രഹങ്ങൾക്ക് മുന്നിൽ ഒന്നും തടസമേയല്ലെന്ന് ഇരുവരും തെളിയിച്ചുകഴിഞ്ഞു.
പത്ത് രാജ്യങ്ങൾ ചുറ്റി സഞ്ചാരം
ഇത്തവണ പുത്തനത്താണിയിൽനിന്ന് ആരംഭിച്ച യാത്ര രാജസ്ഥാൻ വഴി ആദ്യം കശ്‌മീരിലെത്തും. പിന്നെ നേപ്പാൾ. അതുവഴി ഭൂട്ടാൻ, മ്യാന്‍മര്‍, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സിംഗപ്പൂരിൽ സമാപിക്കും.
പക്ഷേ ചില രാജ്യങ്ങൾ സന്ദർശിച്ച ശേഷം വീണ്ടും ഇന്ത്യയിൽ തിരിച്ചെത്തണം. എന്നാൽ മാത്രമേ ഇതര രാജ്യങ്ങളിലേക്ക് പ്രവേശനമുള്ളൂ. 35 ലക്ഷം രൂപയാണ് യാത്രയ്‌ക്ക് വേണ്ട ചെലവ്.
മഹീന്ദ്ര എക്‌സ്.യു.വി 500ലാണ് യാത്ര. ക്യാമറ, കിച്ചൺ, ബെഡ് തുടങ്ങിയവയെല്ലാം കാറിൽ സജ്ജമാക്കിയിട്ടുണ്ട്. ഏതായാലും ആവേശം ഒട്ടും ചോരാത്ത അക്കുവിനും അജിത്തിനും ഭാര്യമാരായ ഹഫ്‌സയുടെയും ദീപ്‌തിയുടെയും കട്ട സപ്പോർട്ടുമുണ്ട്. 50,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. സോഷ്യൽ മീഡിയ വഴി യാത്രാവിവരങ്ങൾ പങ്കിട്ടാണ് പ്രയാണം.