കോഴിക്കോട് : സുജിത കൊല്ലപ്പെട്ടത് വിഷ്‌ണുവിൻ്റെ വീട്ടിൽ വച്ച് തന്നെയെന്ന് പൊലീസ് (Malappuram thuvvur murder). സുജിതയെ ഓഗസ്റ്റ് 11നാണ് കാണാതായത്, അന്ന് തന്നെ കൃത്യം നടത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, നാല് ദിവസം മുൻപ് സുജിതയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വിഷ്‌ണു ഫേസ്‌ബുക്കിൽ പോസ്റ്റ് (Vishnu facebook post) ഇട്ടിരുന്നു. സുജിതയെ കണ്ടെത്തുന്നവർ വിവരം അറിയിക്കണം എന്ന കരുവാരക്കുണ്ട് പൊലീസിൻ്റെ (karuvarakundu police) ഫേസ്‌ബുക്ക് പോസ്റ്റും വിഷ്‌ണു ഷെയർ ചെയ്‌തിരുന്നു.
ആസൂത്രിത കൊലപാതകം (Sujitha murder) : വീട്ടിലേക്ക് വിളിച്ചുവരുത്തി, സുജിതയുടെ 53 ഗ്രാം സ്വർണാഭരണങ്ങൾ വിഷ്‌ണു എടുത്ത് വിറ്റുവെന്നും പൊലീസ് സംശയിക്കുന്നു. നിലവിൽ വിശദമായ തെളിവെടുപ്പിന് ഒരുങ്ങുകയാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട സുജിതയെ വിഷ്‌ണുവിൻ്റെ സഹോദരങ്ങളായ വൈശാഖ്, വിവേക് സുഹൃത്തായ മുഹമ്മദ് ഷിഹാൻ എന്നിവർ ചേർന്ന് വീട്ടുമുറ്റത്തെ മാലിന്യക്കുഴി വലുതാക്കി കുഴിച്ചുമൂടി എന്നാണ് പൊലീസിന് ലഭിച്ച മൊഴി.
അതിന് ശേഷം കുഴിക്ക് മുകളിൽ ഒരു ലോഡ് മെറ്റലും ഇറക്കി. ഇതെല്ലാം വിഷ്‌ണുവിന്‍റെ അച്ഛനും അറിയാമായിരുന്നു. വിഷ്‌ണുവിൻ്റെ അച്ഛനടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിഷ്‌ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് തുവ്വൂർ ( thuvvur) കൃഷിഭവനിലെ താത്‌കാലിക ജീവനക്കാരിയായിരുന്നു സുജിത (35). കാണാതാവുന്ന ദിവസവും സുജിത ജോലിക്കെത്തിയിരുന്നു. എന്നാൽ, രാവിലെ 10.30ഓടെ ഡോക്‌ടറെ കാണണം എന്ന് പറഞ്ഞ് കൃഷിഭവനിൽ നിന്ന് യുവതി ഇറങ്ങി. ഓഫിസ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സുജിത എത്തിയില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസിൽ പരാതി നൽകി.
പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതലയും സുജിതയ്ക്കായിരുന്നു. തുവ്വൂർ പഞ്ചായത്തിൽ നേരത്തെ താത്‌കാലിക ജീവനക്കാരനായിരുന്നു കേസിലെ പ്രതിയായ വിഷ്‌ണു. വിഷ്‌ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
തർക്കം സാമ്പത്തിക ഇടപാടിനെ തുടർന്നെന്ന് സംശയം : സുജിത വിഷ്‌ണുവിന് പണം കടം നൽകിയിരുന്നുവെന്നും ഇത് തിരിച്ച് ചോദിച്ചതാണ് ഇരുവരും തർക്കത്തിലാകാൻ കാരണമെന്നും പൊലീസ് പറയുന്നു. സുജിതയെ അവസാനമായി ഫോൺ വിളിച്ചത് വിഷ്‌ണുവാണെന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്നാണ് വിഷ്‌ണുവിലേക്ക് അന്വേഷണം എത്തുകയും കൊലപാതകത്തിന്‍റെ ചുരുളഴിയുകയും ചെയ്‌തത്.
വിഷ്‌ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ടാണ് സുജിത വിളിച്ചതെന്നാണ് പൊലീസിന് നൽകിയ മൊഴി. വിഷ്‌ണു പറഞ്ഞതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. സുജിതയുടെ അക്കൗണ്ടില്‍ 40,000 രൂപയുണ്ടെന്നും വിഷ്‌ണുവിന്‍റെ അക്കൗണ്ടില്‍ കാര്യമായ പണം ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ ഇയാളുടെ സഹോദരനെയും പൊലീസ് ചോദ്യം ചെയ്‌തു. ഇതോടെ പൊലീസിന് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചു.
ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതായത്. അന്ന് തന്നെ സുജിതയെ കൊലപ്പെടുത്തി എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടർന്ന്, വീട്ടിലെ മാലിന്യക്കുഴിയില്‍ മൃതദേഹം തള്ളുകയും ഇതിന് മുകളില്‍ മണ്ണും മെറ്റലും എംസാൻഡും നിക്ഷേപിക്കുകയും ചെയ്‌തു. അലക്ക് കല്ല് കെട്ടാനായാണ് മെറ്റൽ കൊണ്ടിട്ടത് എന്നാണ് ഇയാൾ അയൽക്കാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ പൊലീസ് മെറ്റൽ മാറ്റി പരിശോധന നടത്തി. തുടർന്ന്, മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം പുറത്തെടുക്കാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവച്ചു. ഫൊറൻസിക് സംഘമെത്തിയ ശേഷം മൃതദേഹം പുറത്തെടുക്കും.