മലപ്പുറം:ചരിത്ര പ്രസിദ്ധമായ തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര പരിസരത്ത് കൈലാസത്തിന്റെ മാതൃക നിർമിച്ച് ജനശ്രദ്ധ നേടി നാല് കലാകാരന്മാർ. തൃക്കളയൂർ സ്വദേശിക്കളായ ശ്രീധരൻ എന്ന കുട്ടൻ, സുകുമാരൻ, സുരേഷ്, സബിൻ കുമാർ എന്നിവരാണ് ഒറ്റ നോട്ടത്തിൽ ആരെയും അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കൈലാസത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ക്ഷേത്രം ദേവസ്വം ബോർഡിന്‍റെ അനുമതിയോടുകൂടി ക്ഷേത്രത്തിന്‍റെ തന്നെ മൂന്ന് സെന്‍റ് ഭൂമിയിലാണ് ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്.
ജാതിമതഭേദമില്ലാതെ എല്ലാരുടെയും 'കൈലാസം'; ജനശ്രദ്ധ ആകര്‍ഷിച്ച് നാല് കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ നിര്‍മിതി ശിവൻ, പാർവതി, നദികേശൻ എന്ന കാള, ഒരു ശംഖ് എന്നിവയാണ് കലാകാരന്മാർ നിർമിച്ച കൈലാസത്തിന്റെ ഈ മാതൃകയിൽ ഉൾപ്പെട്ടിട്ടുള്ളത്. കാണുന്ന ഏതൊരാള്‍ക്കും ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ കഴിയുന്ന രീതിയില്‍ ശിവന്‍റെ ശിൽപം ആറടിയോളം ഉയരത്തിലും, പാർവതിദേവിയുടെത് അഞ്ചടി ഉയരത്തിലും, കാളയുടെ നാലുമീറ്റർ നീളത്തിലുമാണ് നിർമാണം പൂർത്തിയാക്കിയത്. കലാകാരനായ ശ്രീധരൻ എന്ന കുട്ടന്റെ സ്വപ്നസങ്കൽപമാണ് ക്ഷേത്രപരിസരത്തുള്ള കൈലാസത്തിന്റെ മാതൃകയിലെത്തിച്ചത്.
എന്നാൽ ഇത് നിർമിക്കാനാവശ്യമായ സാമ്പത്തികം ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വെട്ടുപാറ സ്വദേശിയായ ബഷീർ എന്ന വ്യക്തിയെ കുട്ടൻ സമീപിക്കുന്നത്. അദ്ദേഹത്തിന് ഈ ശില്പങ്ങളെല്ലാം ഇഷ്‌ടപ്പെടുകയും ഇതിന്‍റെ മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ഈ നാല് കലാകാരന്മാരും ചേർന്ന് ഇതിൻറെ നിർമ്മാണ പ്രവൃത്തി ഉടൻതന്നെ ആരംഭിക്കുകയായിരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപ ചെലവിലാണ് കൈലാസത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ ഈ കൈലാസം മതസൗഹാർദ്ദത്തിന് വേറിട്ട പ്രതീകമായി മാറുകയും ചെയ്തു.
പൂർണമായും മണല്‍, സിമന്‍റ്, കമ്പി എന്നിവ ഉപയോഗിച്ചാണ് ഇത് നിർമിച്ചെടുത്തത്. ഏകദേശം രണ്ടുമാസത്തിനുള്ളിലാണ് ഇതിൻറെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് കലാകാരനായ കുട്ടൻ പറഞ്ഞു. ഇത്തരത്തിലൊരു നിര്‍മിതി നാട്ടിലുണ്ടാക്കാന്‍ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും പ്രവാസിയും കലാകാരനായ കുട്ടൻ പറഞ്ഞു. നിലവിൽ നിർമാണം പൂർത്തിയാക്കിയ കൈലാസം തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഉൾപ്പെടെ ജാതിമതഭേദമില്ലാതെ നിരവധിയാളുകളാണ് കൈലാസം കാണാനും ഫോട്ടോയെടുക്കാനും ഇവിടെ എത്തുന്നത്. ബാക്കിയുള്ള സ്ഥലത്ത് കീഴുപറമ്പുകാരുടെ വികാരമായിമാറി ഈയടുത്ത കാലത്ത് ചെരിഞ്ഞ കൊളക്കാടൻ മിനി എന്ന ആനയുടെ കൂറ്റൻ ശിൽപം നിർമിക്കുന്നതിനുള്ള ശ്രമവും തുടരുകയാണ്.
എന്നാൽ തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കൂടെ നിന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നിർമാണചെലവ് വഹിച്ച ബഷീർക്കയോടും ഒരുപാട് നന്ദിയുണ്ടെന്ന് ശില്പങ്ങൾ നിർമിച്ച സുകുമാരൻ, സുരേഷ്, സബിൻ കുമാർ എന്നീ കലാകാരന്മാരും പറഞ്ഞു. അതേസമയം ഇവർ നിർമിച്ച കൈലാസം എല്ലാവരുടെയും ശ്രദ്ധ നേടിയതോടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് ഇതിനകം രംഗത്തെത്തിയിരിക്കുന്നത്.