മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതായി മന്ത്രി കെ.ടി. ജലീല്‍. രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ ശേഖരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കും. വിദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് കൊവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി - covid 19
വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജനപ്രതിനിധികളും മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പ് വരുത്തണം.
വിദേശത്ത് നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കും. വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജനപ്രതിനിധികളും മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പ് വരുത്തണം. പൊതു ജനാരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന അശ്രദ്ധമായ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും.
ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ ഒഴിവാക്കാണം. വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ പരമാവധി ലളിതമാക്കി നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.