മലപ്പുറം:ലേലം ചെയ്യാനുള്ള നടപടികൾക്കിടെ പഞ്ചായത്തിന്‍റെ അധീനതയിലുള്ള മരത്തടികൾ കാണാതായി. പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. മമ്പാട് പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. പുള്ളിപ്പാടത്തെ ആരോഗ്യ ഉപകേന്ദ്രം പരിസരത്തെ മരത്തടികളാണ് കാണാതായത്. അതേസമയം മരത്തടികൾ ചട്ടവിരുദ്ധമായി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വാർഡ് അംഗവുമായ പന്താർ മുഹമ്മദ് വിൽപന നടത്തിയെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട ശബ്ദ രേഖയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കാനായി കഴിഞ്ഞവർഷമാണ് മരങ്ങൾ മുറിച്ചത്. ഇത് ലേലം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് ഭരണ സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ട്രീ കമ്മിറ്റി പരിശോധിച്ച് സാമൂഹിക വനവത്ക്കരണ വിഭാഗം മൂല്യ നിർണയം നടത്തേണ്ടതുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി വി. അവിസന്ന ചൂണ്ടിക്കാട്ടി.
മലപ്പുറത്ത് പഞ്ചായത്തിന്‍റെ അധീനതയിലുള്ള മരത്തടികൾ കാണാതായി - Malappuram
മമ്പാട് പഞ്ചായത്ത് സെക്രട്ടറി നിലമ്പൂർ പൊലീസിൽ പരാതി നൽകി
അതേസമയം മുൻ സെക്രട്ടറിയുടെ കാലത്ത് മൂല്യ നിർണയം നടത്തിയിട്ടുണ്ടെന്നാണ് ട്രീ കമ്മിറ്റിയിലെ അംഗങ്ങൾ അറിയിച്ചതെന്ന് സെക്രട്ടറി പറഞ്ഞു. പ്രളയത്തിൽ രേഖകൾ നശിച്ചതാകുമെന്ന വിലയിരുത്തലിൽ സാമൂഹിക വനവത്ക്കരണ വിഭാഗത്തിലും ഡി.എഫ്.ഒയിലും മൂല്യ നിർണയ സാക്ഷ്യപത്രത്തിന്‍റെ പകർപ്പിന് അപേക്ഷ നൽകിയതായും അദ്ദേഹം പറഞ്ഞു. സാക്ഷ്യപത്രം ലഭ്യമായിട്ടില്ല. ശനിയാഴ്ചയാണ് മരങ്ങൾ കാണാതായെന്ന പരാതി സെക്രട്ടറിക്ക് ലഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വൈസ് പ്രസിഡന്‍റ് വില നിശ്ചയിച്ച് കച്ചവടം നടത്തി പണം കൈപറ്റിയെന്ന് ചൂണ്ടിക്കാട്ടി സിപിഎം ലോക്കൽ സമിതി സെക്രട്ടറി പി. അയ്യപ്പനാണ് പരാതി നൽകിയത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നിലമ്പൂർ പൊലീസിന് പരാതി കൈമാറുകയായിരുന്നു.