മലപ്പുറം: നിലമ്പൂർ (Nilambur) വടപുറത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപോത്തിറങ്ങി (wild buffalo attack). നിലമ്പൂർ-മഞ്ചേരി പാതയുടെയും നിലമ്പൂർ-വണ്ടൂർ പാതയുടെയും സംഗമസ്ഥലമായ വടപുറം അങ്ങാടിയിലാണ് പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങിയത്. മേഖലയിലെ തിരക്കേറിയ പാതകൾ മുറിച്ചു കടന്ന കാട്ടുപോത്ത് അങ്ങാടിക്കടുത്തുള്ള പലയിടങ്ങളിലും നിലയുറപ്പിച്ചു. വനപാലകരുടെയും സന്നദ്ധ സേവകരുടെയും നാട്ടുകാരുടെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ തിരികെ കാടുകയറ്റിയത്.
എടക്കോട് വനമേഖലയിൽ നിന്ന് ചാലിയാർ പുഴ കടന്ന് താളിപ്പൊയിൽ മേഖലയിലാണ് കാട്ടുപോത്ത് ആദ്യം എത്തിയത്. തുടർന്ന് തോട്ടം മേഖലയിലൂടെ കടന്ന് വടപുറം അങ്ങാടിയിൽ എത്തി. കണിയന്തറ തോമസ് ചെറിയാന്‍റെ കൃഷിയിടത്തെത്തിയ കാട്ടുപോത്ത് പിന്നീട് ടൗൺ ജുമാമസ്‌ജിദിന് സമീപത്തെ സ്ഥലത്തേക്ക് നീങ്ങി. നിലമ്പൂർ-മഞ്ചേരി പാത കടന്ന് ന്യൂ ലൈഫ് ആശുപത്രിക്ക് സമീപത്തു കൂടി വടപുറം അങ്കണവാടിക്കടുത്ത് എത്തി.