മലപ്പുറം: ബാഡ്‌ജുകള്‍ കൊണ്ട് വ്യത്യസ്തമായ അത്തമൊരുക്കി മലപ്പുറം സ്വദേശി. ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ ഉമ്മർ അറക്കലാണ് ബാഡ്‌ജുകള്‍ കൊണ്ട് അത്തമൊരുക്കിയത്. 1995 മുതൽ 2020 വരെ കഴിഞ്ഞ 25 വർഷം പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ലഭിച്ചിരുന്ന ബാഡ്‌ജുകള്‍ ഉപയോഗിച്ചാണ് ഉമ്മര്‍ അത്തമൊരുക്കിയത്.
ബാഡ്‌ജുകള്‍ കൊണ്ട് വ്യത്യസ്‌ത അത്തമൊരുക്കി മലപ്പുറം സ്വദേശി കൊവിഡ് ലോക്ക്ഡൗണിനിടെയാണ് ഉമ്മര്‍ ബാഡ്‌ജുകള്‍ പൊടി തട്ടിയെടുത്ത്. തുടര്‍ന്ന് തീര്‍ത്ത അത്തക്കളത്തിന്‍റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുതിയ കാലത്ത് പേപ്പര്‍ ബാഡ്‌ജുകള്‍ അപ്രത്യക്ഷമാവുകയും കഴുത്തിൽ തൂക്കിയിടുന്ന പ്ളാസ്റ്റിക്ക് ബാഡ്‌ജുകള്‍ വ്യാപകമാവുകയും ചെയ്തിട്ടുണ്ട്.
also read: ഓണം ആഘോഷിച്ച് സന്തോഷം പങ്കിട്ട് ശശി തരൂർ, ദൃശ്യങ്ങൾ ട്വിറ്ററില്‍
മണ്ണിലൊരിക്കലും അലിഞ്ഞ് ചേരാത്ത ഈ പ്ളാസ്റ്റിക് ബാഡ്‌ജുകളും ഉമ്മർ അറക്കൽ സൂക്ഷിച്ച് വെച്ചിരുന്നു. തിരുവോണ ദിവസം ഈ പ്ളാസ്റ്റിക്ക് ബാഡ്‌ജുകള്‍ ഉപയോഗിച്ചാണ് ഉമ്മര്‍ അത്തമൊരുക്കിയത്. ബാഡ്‌ജ് കഴുത്തിലണിയാൻ ഉപയോഗിക്കുന്ന വർണ നൂലുകളുടെ ശേഖരമാണ് അത്തക്കളത്തിന് മധ്യഭാഗത്തായി നിരത്തിയിരുന്നത്. തുടര്‍ന്ന് വ്യത്താകൃതിയില്‍ വിവിധ ബാഡ്‌ജുകള്‍ നിരത്തി അത്തക്കളം പൂര്‍ത്തിയാക്കുകയും ചെയ്തു.
വിശേഷ ദിവസങ്ങളിൽ വ്യത്യസ്‌തമായ ബാഡ്ജുകള്‍ ഇത്തരം വിനോദങ്ങൾക്കും കൗതുകങ്ങൾക്കുമായി ഉപയോഗിക്കുക എന്ന സന്ദേശമാണ് ഉമ്മർ അറക്കൽ ഈ വേറിട്ട പ്രവർത്തനത്തിലൂടെ സമൂഹത്തിന് നൽകുന്നത്.