മലപ്പുറം: ലോകകപ്പ് അങ്ങ് ഖത്തറിലാണെങ്കിലും കേരളത്തിലും ആവേശത്തിന് ഒട്ടും കുറവില്ല. സമൂഹ മാധ്യമങ്ങളിൽ വൈറലാണ് മെസി ഫാൻസിന്‍റെയും നെയ്‌മർ ഫാൻസിന്‍റെയൊക്കെ അങ്കം. ഇഷ്‌ട താരത്തിന്‍റെ കൂറ്റൻ കട്ട് ഔട്ടുകൾ വയ്ക്കുന്ന മത്സരത്തിലാണ് ഫുട്‌ബോള്‍ പ്രേമികൾ.
മെസിയുടെ ഭീമന്‍ ചിത്രമൊരുക്കി മലപ്പുറം സ്വദേശി ഇതിനിടെ ഒരു ഓഡിറ്റേറിയത്തിന്‍റെ ഹാളിനോളം വലിപ്പമുള്ള ലയണൽ മെസിയുടെ ചിത്രം വരച്ച് ശ്രദ്ധ നേടുകയാണ് കടുത്ത മെസി ആരാധകനായ ആഷിക്. മലപ്പുറം തൃപ്പനച്ചി സ്വദേശിയാണ് ആഷിക് ഷബീൽ. ഒരു മാസം എടുത്താണ് 1319 ചതുരശ്ര അടി വലിപ്പമുള്ള മെസിയുടെ ചിത്രം വരച്ചത്.
മുംബൈയിൽ ഡ്രാഫ്‌റ്റ്മാൻ കോഴ്‌സ് വിദ്യാർഥിയാണ് ആഷിക്. പഠന സമയം കഴിഞ്ഞുള്ള ഇടവേളകളിലാണ് ആഷിക്കിന്‍റെ ചിത്രംവര. A3 വലിപ്പമുള്ള 985 പേപ്പറുകളാണ് ഇതിന് ഉപയോഗിച്ചത്. വെള്ളയും കറുപ്പും നിറത്തിലുള്ള അക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് മെസിയുടെ ചിത്രം ഒരുക്കിയത്.
ക്രമത്തിൽ നമ്പറിട്ട് ഓരോ പേജും നിരത്തി രണ്ട് മണിക്കൂർ സമയമെടുത്താണ് തൃപ്പനച്ചിയിലെ ഓഡിറ്റോറിയത്തിൽ ഈ ചിത്രം പ്രദർശനത്തിനൊരുക്കിയത്. ഖത്തർ ലോകകപ്പിൽ തന്‍റെ ഇഷ്‌ടതാരം ലോക കിരീടം ഉയർത്തുന്നതും കണ്ട് ലോകകപ്പിന് ശേഷം ആ ചിത്രം വരയ്ക്കണമെന്നാണ് ആഷിക്കിന്‍റെ ആഗ്രഹം.