മലപ്പുറം : കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തിന് ഭക്തജനത്തിരക്കേറുന്നു. മലപ്പുറം രാമപുരത്തെ നാലമ്പല ദർശനത്തിനാണ് നിരവധി ഭക്തർ എത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നാലമ്പല ദർശനം പൂർത്തിയാക്കി മടങ്ങാൻ ആകുമെന്ന പ്രത്യേകതയാണ് മലപ്പുറത്തെ നാലമ്പലത്തിനുള്ളത്.
മലപ്പുറത്ത് നാലമ്പല ദർശനത്തിന് ഭക്തജന പ്രവാഹം - കർക്കിടക മാസം
കർക്കിടക മാസത്തിലെ നാലമ്പല ദർശനം പുണ്യമായിട്ടാണ് ഭക്തർ കരുതുന്നത്.
ശ്രീരാമസ്വാമി ക്ഷേത്രം, ലക്ഷ്‌മണസ്വാമി ക്ഷേത്രം, ഭരതസ്വാമി ക്ഷേത്രം, ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഒരേ ദിവസം ദർശനം നടത്താനാകും. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് മലപ്പുറത്തെ നാലമ്പലങ്ങൾ സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി ശ്രീരാമസ്വാമി ക്ഷേത്രവും തെക്കുകിഴക്കായി അയോധ്യ ലക്ഷ്‌മണസ്വാമി ക്ഷേത്രവും വടക്കുഭാഗത്ത് ഭരതസ്വാമി ക്ഷേത്രവും പടിഞ്ഞാറുഭാഗത്ത് ശത്രുഘ്നസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഭക്തരുടെ എണ്ണം ഇത്തവണ കൂടിയെന്നും ഭക്തർക്ക് വേണ്ടിയുളള എല്ലാവിധ സജീകരണങ്ങളും ഇത്തവണയും ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഭക്തർക്കായി പ്രത്യേക വാഹന സൗകര്യവും അന്നദാനവും ഒരുക്കിയിട്ടുണ്ട്.