മലപ്പുറം:മോഷ്‌ടിച്ച ലോറി മണല്‍ കടത്തുകാര്‍ക്ക് വില്‍പന നടത്തുന്ന സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. കുറ്റിപ്പാല പാപ്പാലിയില്‍ സിദ്ദീഖാണ് (47) അറസ്റ്റിലായത്. ഇന്‍സ്‌പെക്‌ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതി വെന്നിയൂര്‍ സിറാജുദ്ദീനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തേഞ്ഞിപ്പലം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ഹംസയുടെ ലോറിയാണ് മോഷണം പോയത്. ലോറി സിറാജുദ്ദീന്‍റെ വീട്ടിലാണ് നിര്‍ത്തിയിരുന്നത്. സിറാജുദ്ദീന്‍റെ സഹായത്തോടെ സിദ്ദീഖ് കൃത്രിമ താക്കോലുണ്ടാക്കി വാഹനം കടത്തി കൊണ്ടുപോയി മറിച്ചു വില്‍പന നടത്തിയെന്നാണ് പരാതി.
ALSO READ:മലപ്പുറത്ത് പെട്രോൾ പമ്പിൽ മോഷണം; ഏഴ് ലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്ന് പരാതി
ഒന്നര ലക്ഷം രൂപ വില വരുന്ന മിനിലോറി 50,000 രൂപയ്ക്കാണ് വിറ്റത്. ഒളിവിലായിരുന്ന സിദ്ദീഖ് പെരുന്നാള്‍ ആഘോഷത്തിന് വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. എസ്ഐ വി. വിവേക്, ഗ്രേഡ് എസ്ഐമാരായ പി.കെ. ഷാജു, സുകേഷ് കുമാര്‍, സിപിഒമാരായ സജി അലക്‌സാണ്ടര്‍, വിനോദ്, സുജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.