മലപ്പുറം: കനത്ത മഴയ ആയാലും രാത്രി ആയാലും മലപ്പുറം കാവനൂര്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസില്‍ പങ്കെടുക്കണമെങ്കില്‍ റബ്ബര്‍തോട്ടത്തിലോ പെരുവഴിയിലോ കുത്തിയിരിക്കണം. അത് ഇനി ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും ഇവിടെ ഇങ്ങനെയൊക്കെയാണ്. വീട്ടില്‍ എത്ര സൗകര്യമുണ്ടായാലും ശരി കാവനൂര്‍ ഗ്രാമത്തിലെ കുട്ടികള്‍ ഓണ്‍ലൈനിലൂടെ പഠിക്കണോ... ഇതേ പറ്റൂ...
കനത്ത മഴയില്‍ വഴിവക്കില്‍ കുട ചൂടി പഠനം; മലപ്പുറത്ത് ഇങ്ങനെയാണ് ക്ലാസ്
ഒരു മൊബൈല്‍ കണക്ഷനും ശരിയായ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത കാവനൂർ ഗവൺമെന്‍റ് ഹൈസ്‌കൂളിലെ നൂറുകണക്കിന് കുട്ടികളുടെ ദുരിതമാണിത്. സര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം
കാരണം, ഇവിടെ ഒരു മൊബൈല്‍ കണക്ഷനും ശരിയായ നെറ്റ്‌വര്‍ക്ക് ഇല്ല. കാവനൂർ ഗവൺമെന്‍റ് ഹൈസ്‌കൂളിലെ നൂറുകണക്കിന് കുട്ടികളാണ് ഈ ദുരിതകയത്തില്‍ മുങ്ങുന്നത്. രാത്രി ഒൻപത് കഴിഞ്ഞാല്‍ പിന്നെയും ക്ലാസ് തുടരുകയാണെങ്കില്‍ പ്രാണഭയത്താല്‍ കുട്ടികള്‍ ക്ലാസ് പൂര്‍ത്തിയാക്കാതെ വീട്ടിലേക്ക് ഓടുകയാണ് പതിവ്. വന്യമൃഗങ്ങളോ സാമൂഹിക വിരുദ്ധരോ ആക്രമിച്ചാലോ എന്ന ഭയം കാരണം.
അധികൃതരോട് പരാതി പറയാത്തത് എന്തെന്ന് ചോദിക്കരുത്, അതൊക്കെ പറഞ്ഞ് പറഞ്ഞ് ഇവിടത്തെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മടുത്തു. കുന്നിൻ ചരുവിലും റോഡ് വക്കിലും ഇരുന്നുള്ള പഠനത്തില്‍ കുട്ടികളും അസ്വസ്ഥരാണ്. ഇനി സര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. ഏതെങ്കിലും ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കിനെങ്കിലും ശരിയായ കണക്ഷൻ നേടിയെടുക്കാനാണ് ഇവരുടെ ശ്രമം.