മലപ്പുറം:പ്രായം എഴുപത് പിന്നിട്ടെങ്കിലും കാള പൂട്ട് കണ്ടത്തിലെ നിറസാന്നിധ്യമാണ് മലപ്പുറം കടുങ്ങാത്തുകുണ്ട് പാറമ്മല്‍ സ്വദേശി എം ബാവ ഹാജി. പന്ത്രണ്ടാം വയസില്‍ പിതാവിനൊപ്പം ചേറിലിറങ്ങിയ ബാവ ഹാജിയെ ഇന്ന് വാര്‍ധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടെങ്കിലും, പൂട്ട് മത്സരങ്ങളെത്തുമ്പോള്‍ യുവത്വത്തിന്‍റെ ചുറുചുറുക്കോടെ അദ്ദേഹം രംഗത്തുണ്ടാകും. ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് ജോഡി ഉരുക്കൾ ഇന്നും ബാവ ഹാജിയുടെ തൊഴിത്തിലുണ്ട്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പൂട്ട് കണ്ടങ്ങളിലെ താരമായ എം.ബാവ ഹാജിയുടെ കന്നുകൾ ഈ സീസണിൽ മാത്രം ചെറുതും വലുതുമായി പന്ത്രണ്ടിലധികം ട്രോഫികൾ സ്വന്തമാക്കി. കാലികളെ ഭക്ഷണം നൽകി പരിപാലിക്കുന്നത് ഭാരിച്ച ചിലവാണെങ്കിലും ഒന്നിനും ഒരു കുറവും അദ്ദേഹം വരുത്താറില്ല. മൂന്ന് ജോഡികന്നുകൾക്ക് ഭക്ഷണത്തിനായി ഒരു ദിവസം 3000 രൂപയാണ് ചിലവ് വരുന്നത്.