മലപ്പുറം: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് കരിപ്പൂരിന് തിരിച്ചുകിട്ടിയത്തിന്‍റെ ആഹ്ളാദത്തിലാണ് മലബാറിലെ തീര്‍ഥാടകര്‍. സംസ്ഥാനത്ത് രണ്ട് എംബാര്‍ക്കേഷൻ പോയിന്‍റിൽ നിന്നായി 13472 പേരാണ് യാത്ര തിരിക്കുന്നത്.
ഹജ്ജ് തീർഥാടകരെ വരവേൽക്കാനൊരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ് - പിണറായി വിജയന്‍
ജൂലൈ ആറിന് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഹജ്ജ് തീര്‍ഥാടകരെ യാത്ര അയക്കാന്‍ എത്തുന്ന ബന്ധുക്കളെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 20,000 സ്ക്വയർ ഫീറ്റ് സ്തീര്‍ണമുള്ള പന്തലാണ് ഹജ്ജ് ഹൗസിനോടുചേര്‍ന്ന് ഒരുങ്ങുന്നത്. ജൂലൈ ആറിന് വൈകിട്ട് 4.30 ന് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 24 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെത്തണം. എമിഗ്രേഷന്‍, കംസ്റ്റംസ് അടക്കമുള്ള എല്ലാ പരിശോധനകളും ക്യാമ്പില്‍ നിന്ന് പൂര്‍ത്തിയാക്കും. വിമാനം പുറപ്പെടുന്നതിന്‍റെ ഒരു മണിക്കൂർ മുമ്പ് തീര്‍ഥാടകരെ ക്യാമ്പില്‍ നിന്ന് വിമാനത്താവളത്തിലെത്തിക്കും. 600 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കുന്നുണ്ട്.
13,472 പേരാണ് കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് യാത്ര തിരിക്കുന്നത്. ജൂലൈ ഏഴിനാണ് ആദ്യ വിമാനം യാത്ര തിരിക്കുക. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ജൂലൈ 13 തുടങ്ങും.14 മുതല്‍ 17 വരെയുള്ള ദിവസങ്ങളിൽ 2,730 ഹാജിമാരാണ് നെടുമ്പാശ്ശേരി വഴി യാത്രയാകുന്നത്. ജൂലൈ അഞ്ചിന് ക്യാമ്പിന്‍റെ ട്രയല്‍ നടക്കും.