മലപ്പുറം: തണുപ്പുള്ള മേഖലകളിൽ ധാരാളം കാണാറുള്ള മുന്തിരി കൃഷി ചുട്ടുപൊള്ളുന്ന ഈ വേനൽ ചൂടിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മേൽമുറി പാറമ്മൽ സ്വദേശിയായ പുല്ലംക്കുന്ന് രതീഷ് ബാബു. മുന്തിരിവള്ളി കണ്ടപ്പോൾ ഒരു കൗതുകത്തിന് വാങ്ങിയതാണെങ്കിലും തുടക്കത്തിൽ തന്നെ രതീഷ് ബാബുവിനേയും കുടുംബത്തേയും അത്ഭുതപ്പെടുത്തി നിരവധി മുന്തിരി കുലകളാണുണ്ടായത്.
നാല് വർഷം മുമ്പ് വാങ്ങിയ മുന്തിരി വള്ളിയിൽ നിന്നും മുറിച്ചെടുത്ത കമ്പ് വീടിൻ്റെ മട്ടുപ്പാവിലേക്ക് പടർത്തിയപ്പോൾ ഇത്തവണയും മുന്തിരി കായ്ക്കാൻ തുടങ്ങി. സാധാരണ മിക്ക വീടുകളിലും മുന്തിരി വള്ളികൾ കാണാറുണ്ടെങ്കിലും മുന്തിരി കുലകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഇതിനു കാരണം പല വീട്ടുകാരും മുന്തിരി കൃഷിയിൽ ബോധവാൻമാരല്ലാത്തതിനാലാണെന്ന് രതീഷ് ബാബു പറയുന്നു.