കേരളം

kerala

ETV Bharat / state

കവളപ്പാറയ്‌ക്കടുത്ത തുടിമുട്ടി മലയില്‍ വിള്ളൽ ; പ്രദേശത്ത് മണ്ണിടിച്ചില്‍ ആശങ്ക, ക്യാമ്പുകള്‍ ആരംഭിച്ചു

54 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത്, 35 മീറ്റർ നീളത്തില്‍ വിള്ളൽ രൂപപ്പെട്ടതോടെയാണ് പുനരധിവാസ ക്യാമ്പുകള്‍ ആരംഭിച്ചത്

By

Published : Jul 9, 2022, 9:25 PM IST

malappuram Thudimutti mala cracked  Thudimutti mala cracked Concerned about landslides  കവളപ്പാറയ്‌ക്കടുത്ത തുടിമുട്ടി മലയില്‍ വിള്ളൽ  തുടിമുട്ടി മലയില്‍ മണ്ണിടിച്ചില്‍ ആശങ്ക
കവളപ്പാറയ്‌ക്കടുത്ത തുടിമുട്ടി മലയില്‍ വിള്ളൽ; പ്രദേശത്ത് മണ്ണിടിച്ചില്‍ ആശങ്ക, ക്യാമ്പുകള്‍ ആരംഭിച്ചു

മലപ്പുറം :കവളപ്പാറ ദുരന്തത്തിൻ്റെ ഭീതിയേറിയ ഓർമ വിട്ടകലും മുന്‍പ് അപകട ഭീഷണിയുയര്‍ത്തി തുടിമുട്ടി മല. കൂറ്റൻപാറയുടെ അടിഭാഗത്ത് 35 മീറ്റർ നീളത്തില്‍ വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തി. കവളപ്പാറ ദുരന്തം നടന്നതിന്‍റെ മറുഭാഗത്തെ മലമ്പ്രദേശമാണിത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പി.വി അൻവർ എം.എൽ.എയും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ആശങ്കയുണ്ട്. മഴവെള്ളം ഈ വിള്ളലിലൂടെ താഴേക്ക് ഇറങ്ങുന്നതായി സ്ഥിരീകരിച്ചു. തുടിമുട്ടി മലയുടെ താഴ്‌വാരത്ത് 54 കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ 48 കുടുംബങ്ങള്‍ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും ആറ് ജനറൽ വിഭാഗത്തില്‍പ്പെട്ട വീടുകളുമാണ്.

കവളപ്പാറയ്‌ക്കടുത്ത തുടിമുട്ടി മലയില്‍ വിള്ളൽ

സംയുക്ത ടീമിനെ വിന്യസിച്ചു :എം.എൽ.എ, സബ്‌കലക്‌ടര്‍, തഹസിൽദാർ, മറ്റ് ജനപ്രതിനിധികള്‍ എന്നിവർ പ്രദേശത്തെ വീട്ടുകാരുമായി സംസാരിച്ചു. തുടർന്ന്, പോത്ത്കല്ല് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്ന് ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചു. ജില്ല കലക്‌ടറുമായും, ജിയോളജി വകുപ്പുമായും എം.എൽ.എ ചര്‍ച്ച നടത്തി. അഞ്ച് ക്യാമ്പുകളാണ് പ്രവർത്തനം തുടങ്ങിയത്. ഫയർഫോഴ്‌സ്, വനം, പൊലീസ്, റവന്യൂ എന്നിങ്ങനെ സംയുക്ത ടീമിനെ പഞ്ചായത്തിൽ വിന്യസിച്ചു.

പി.വി അൻവർ എം.എൽ.എ, പെരിന്തൽമണ്ണ സബ് കലക്‌ടർ ശ്രീധന്യ സുരേഷ്, നിലമ്പൂർ തഹസിൽദാർ എം.പി സിന്ധു, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്‍റ് വിദ്യ രാജൻ, വൈസ് പ്രസിഡന്‍റ് ഷാജി ജോൺ, പോത്ത്കല്ല് സ്റ്റേഷൻ ഹൗസ് ഓഫിസർ ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ, പി സെഹീർ, മുസ്‌തഫ പാക്കട എന്നിവർ അവലോകന യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details