മലപ്പുറം ജില്ലയിൽ വീണ്ടും റാഗിങ്; വിദ്യാർഥികൾക്ക് മർദനം - റാഗിങ്
നടക്കരുത്, ഓടാൻ നിർദേശം. അനുസരിക്കാതെ വന്നപ്പോൾ പ്ലസ് ടു വിദ്യാർഥികളുടെ ആക്രമണം
മലപ്പുറം: സ്കൂളിന് പരിസരത്തോ പള്ളിയിലോ പോകുന്നുണ്ടെങ്കിൽ നടക്കാൻ പാടില്ല, ഓടണം. പ്ലസ് ടു വിദ്യാർഥികളുടെ അന്ത്യശാസനമാണിത്. കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് സീനിയർ വിദ്യാർഥികളെ അനുസരിക്കാത്ത കാരണത്താൽ മർദനത്തിനിരയാകേണ്ടി വന്നത്. അഫ്സൽ, സുഹ്റിന്നൂർ, സിഫിലി എന്നീ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച ഉച്ചയോടെയാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചപ്രാര്‍ഥനക്ക് പോകുന്ന സമയത്ത് സ്കൂളിന് സമീപം ഇവരെ മർദിക്കുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രിൻസിപ്പലിന്‍റെ പരാതി ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.